നിയന്ത്രണരേഖ: ചൈന ഏകപക്ഷീയ നിർണയം നടത്തുന്നതിനെ എതിർത്ത് ഇന്ത്യ
Wednesday, September 30, 2020 12:24 AM IST
ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ. 1959ലെ യഥാർഥ നിയന്ത്രണരേഖയാണ് അന്തിമമെന്ന ചൈനീസ് വാദം ഇന്ത്യ തള്ളി.
അതിർത്തിയിൽ സമാധാനം നിലനിർത്താൻ യഥാർഥ നിയന്ത്രണരേഖ മറികടക്കില്ലെന്നും എന്നാൽ രേഖ രണ്ടു രാജ്യങ്ങളും കൂട്ടായി തീരുമാനിക്കണമെന്നാണ് നിലപാടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 1993, 1996, 2005 വർഷങ്ങളിൽ ഉണ്ടാക്കിയ കരാറുകൾക്കു വിരുദ്ധമായാണ് യഥാർഥ നിയന്ത്രണരേഖയിൽ ചൈന മാറ്റങ്ങൾ വരുത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
അതിനിടെ, സേനാബലം വർധിപ്പിക്കുന്നതിനും നിരീക്ഷണം ശക്തമാക്കാനും നടപടികൾ ഉൗർജിതമാക്കുകയാണ് ഇന്ത്യ. സായുധ ഡ്രോണുകൾ വാങ്ങാൻ അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നിരീക്ഷണം ശക്തമാക്കാൻ ഹെറോണ്‍ ഡ്രോണുകൾ പരിഷ്കരിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പുറമേ നൂതനമായ ഡ്രോണുകൾ നിർമിക്കാൻ പ്രമുഖ പൊതുമേഖലാ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയെയും സ്വകാര്യമേഖലയെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൂടി കേന്ദ്രം കൈക്കൊണ്ടതായാണു റിപ്പോർട്ടുകൾ.അതിർത്തിയിൽ സായുധ ഡ്രോണുകൾ വിന്യസിക്കണമെന്ന നിലപാടാണ് രാജ്യത്തെ മൂന്നു സേനകൾക്കും.