ആർബിഐ ഗവർണർ പറയുന്നു, പരോക്ഷനികുതി കുറയ്ക്കണം
Tuesday, February 23, 2021 11:56 PM IST
മുംബൈ: രാജ്യത്തു രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ധനവില വർധനയ്ക്കു തടയിടാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെയും ഡീസലിന്റെയും പരോക്ഷനികുതികൾ കുറയ്ക്കണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ഈ മാസം ആറിന് അവസാനിച്ച ധനനയ സമിതി യോഗത്തിലാണു ദാസ് ഇക്കാര്യമാവശ്യപ്പെട്ടത്.
""ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ഡിസംബറിലെ വിലക്കയറ്റം 5.5 ശതമാനമാണ്. ക്രൂഡ് ഓയിൽ വില വർധനയും പെട്രോളിലും ഡീസലിലും ചുമത്തുന്ന കൂടിയ പരോക്ഷ നികുതികളുമാണു വിലക്കയറ്റം രൂക്ഷമാക്കുന്നത്. ഗതാഗതം, ആരോഗ്യരംഗം ഉൾപ്പെടെയുള്ള നിർണായ ക സാധന -സേവനങ്ങളിൽ വില വർധന പ്രകടമായിട്ടുണ്ട്. വില വർധന തടയാൻ സർക്കാർ ഇടപെടൽ അനിവാര്യമായിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പര സഹകരണത്തോടെ വേണം പെട്രോളിയം ഉത്പന്നങ്ങൾക്കു മേലുള്ള അധികനികുതി കുറയ്ക്കേണ്ടത്''.-ദാസ് കൂട്ടിച്ചേർത്തു.
ഇന്ധന വില കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ച നടത്തണമെന്ന് നേരത്തേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അഭിപ്രായപ്പെട്ടിരുന്നു. പെട്രോൾ ചില്ലറവിലയുടെ 60 ശതമാനവും ഡീസൽ വിലയുടെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന വിവിധ നികുതികളാണ്.