ആസാമിൽ ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രി
Monday, May 10, 2021 12:44 AM IST
ഗോഹട്ടി: ആസാമിനെ ഇനി ഹിമന്ത ബിശ്വ ശർമ നയിക്കും. നിയമസഭാ കക്ഷിനേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണു നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻഇഡിഎ) കൺവീനർകൂടിയായ ശർമയ്ക്കു മുഖ്യമന്ത്രിപദത്തിലേക്കുള്ള വഴി തെളിഞ്ഞത്. ബിജെപിയുടെയും എൻഡിഎയുടെയും നിയമസഭാ കക്ഷിനേതാവായി ശർമയെ തെരഞ്ഞെടുത്തതോടെ വീണ്ടും മുഖ്യമന്ത്രിപദവി എന്ന മോഹം സർബാനന്ദ സോനോവാൾ ഉപേക്ഷിക്കുകയായിരുന്നു.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ സാന്നിധ്യത്തിലായിരുന്നു ഗോഹട്ടിയിൽ ഇന്നലെ ബിജെപിയുടെ സുപ്രധാന യോഗങ്ങളെല്ലാം. രാത്രി ഗവർണർ ജഗദീഷ് മുക്തിയെ സന്ദർശിച്ച ഹിമന്ത ബിശ്വ ശർമ സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഹിമന്ത ബിശ്വ ശർമ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തേക്കുമെന്നാണൂ സൂചന.
ഭരണത്തുടർച്ച ഉറപ്പാക്കി ബിജെപിക്കു ഭൂരിപക്ഷം സ്വന്തമാക്കിയതോടെ സർബാനന്ദ സോനോവാളും മുഖ്യമന്ത്രിപദത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു.
ഇതേത്തുടർന്ന് ഇരുനേതാക്കളുമായി ഡൽഹിയിലും ആസാമിലും ബിജെപി കേന്ദ്രനേതൃത്വം പലവട്ടം ചർച്ച നടത്തി അഭിപ്രായ സമന്വയത്തിലെത്തിക്കുകയായിരുന്നു.
നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്കു ശർമയുടെ പേര് സർബാനന്ദ സോനോവാളാണു നിർദേശിച്ചത്. നിയമസഭാകക്ഷി യോഗത്തിന് ഒരുമിച്ചെത്തിയ ഇരുനേതാക്കളും അതിനുമുന്‍പ് ടെലിഫോണിൽ ആശയവിനിമയം നടത്തിയിരുന്നു.
126 അംഗ സഭയിൽ ബിജെപിക്ക് 60 പ്രതിനിധികളെയാണു ലഭിച്ചത്. സഖ്യകക്ഷികളായ എജിപിക്ക് ഒന്‍പതും യുപിപിഎലിന് ആറും സീറ്റുകൾ ലഭിച്ചു.