ഗോസംരക്ഷകനെ കന്നുകാലി കടത്തുകാർ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; പത്തു പേർ അറസ്റ്റിൽ
Monday, June 21, 2021 12:26 AM IST
വൽസദ്: ഗുജറാത്തിൽ കന്നുകാലി കടത്തുകാർ ഗോസംരക്ഷകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തു.
ധരംപുർ-വൽസദ് റോഡിൽ വെള്ളിയാഴ്ചയായിരുന്നു ഹാർദിക് കൻസാര (29) എന്ന ഗോസംരക്ഷകൻ കൊല്ലപ്പെട്ടത്. പ്രാദേശിക വിഎച്ച്പി നേതാവുമാണ് ഇയാൾ. ബർസോൾ ഗ്രാമത്തിൽനിന്നു കന്നുകാലികളെ അനധികൃതമായി കടത്തിക്കൊണ്ടുപോകുന്നതുശ്രദ്ധയിൽപ്പെട്ട ഹാർദികും രണ്ടു സുഹൃത്തുക്കളും അതു തടയാൻ ശ്രമിച്ചു. തുടർന്ന് ടെംപോ വാൻ ഹാർദിക്കിനെ ഇടിച്ചുതെറിപ്പിച്ചു. വാഹനത്തിൽ 11 മൃഗങ്ങളുണ്ടായിരുന്നു. ടെംപോ ഉടമ, ഡ്രൈവർ എന്നിവരടക്കം പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലേക്കാണു കന്നുകാലികളെ കടത്തിയിരുന്നത്. അറസ്റ്റിലായവരിൽ അഞ്ചു പേർ മുന്പും അനധികൃത കന്നുകാലിക്കടത്തിന്റെ പേരിൽ പോലീസിന്റെ പിടിയിലായിട്ടുള്ളവരാണ്.
അസ്ഗർ അൻസാരി, ജാവേദ് ഷേക്ക്, ജമിൽ ഷേക്ക്, ഖലീൽ ഷേക്ക്(നാലു പേരും ഭീവണ്ടി സ്വദേശികൾ), അൻസാർ ഷേക്ക്, ഹസൻ അലി, അലി മുറാദ് ജമാൽ, ധർമേഷ് അഹിർ, കമലേഷ് അഹിർ, ജയേഷ് അഹിർ(ആറു പേരും വൽസദ് സ്വദേശികൾ) എന്നിവരാണു പിടിയിലായത്.