80 ലക്ഷം വാക്സിൻ ഉടൻ കയറ്റുമതി ചെയ്യും
Saturday, September 25, 2021 11:53 PM IST
ന്യൂഡൽഹി: അടുത്ത മാസം അവസാനത്തോടെ 80 ലക്ഷം കോവിഡ് വാക്സിനുകൾ വിദേശരാജ്യങ്ങൾക്ക് ഇന്ത്യ നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിനുകളാകും ഇന്തോ- പസിഫിക് മേഖലയിലെ രാജ്യങ്ങൾക്കായി ഇന്ത്യ ലഭ്യമാക്കുകയെന്ന് വാഷിംഗ്ടണിൽ നടന്ന അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയിൽ മോദി വ്യക്തമാക്കി.
അടുത്ത വർഷം അവസാനത്തോടെ ഏഷ്യൻ രാജ്യങ്ങൾക്കായി 100 കോടി കോവിഡ് വാക്സിനുകൾ ലഭ്യമാക്കാൻ ക്വാഡ് രാജ്യങ്ങൾ നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ വാക്സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. പകുതിയിലേറെ ഇന്ത്യക്കാർക്ക് വാക്സിൻ ഇനിയും ലഭ്യമായിട്ടില്ലെങ്കിലും കയറ്റുമതി പുനഃരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
അടുത്ത മാസം തന്നെ 80 ലക്ഷം വാക്സിനുകൾ ഇന്ത്യ നൽകുമെന്ന് ക്വാഡ് നേതാക്കൾക്ക് പ്രധാനമന്ത്രി മോദി ഉറപ്പു നൽകിയതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. വാക്സിന്റെ ചെലവിനുള്ള തുക ക്വാഡ് രാജ്യങ്ങൾ വഹിക്കും. ഇതിലൊരു വിഹിതം ഇന്ത്യയുടേതാകുമെന്നും ശ്രിംഗ്ല വിശദീകരിച്ചു.