‘വിഭജനഭീതിയുടെ ഓർമദിവസ’വുമായി ബിജെപി
സ്വന്തം ലേഖകൻ
Monday, August 15, 2022 1:15 AM IST
ന്യൂഡൽഹി: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു മുന്നോടിയായി നടന്ന ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിന്റെ തിക്ത സ്മരണകൾ വിവരിക്കുന്ന വീഡിയോ പങ്കുവച്ച് ബിജെപി. പാക്കിസ്ഥാൻ സൃഷ്ടിക്കുന്നതിന് ആവശ്യപ്പെട്ടുള്ള മുഹമ്മദ് അലി ജിന്നയുടെയും മുസ്ലിം ലീഗിന്റെയും ആവശ്യങ്ങൾക്ക് വഴങ്ങിയ രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനെയും വിമർശിക്കുന്നതാണ് വീഡിയോ.
വിഭജനത്തിന്റെ നാടകീയമായ ദൃശ്യങ്ങൾ ചരിത്ര സാമഗ്രികളുടെ സഹായത്തോടെ പുനർനിർമിച്ചാണ് വിഭജനഭീതിയുടെ ഓർമ ദിവസം എന്ന തലക്കെട്ടോടെ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ബിജെപി ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവയ്ക്കുന്നത്.
വിഭജനഭീതിയുടെ ഓർമദിനത്തിൽ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ട എല്ലാവർക്കും പ്രണാമം അർപ്പിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സ്വാതന്ത്ര്യത്തോട് അനുബന്ധിച്ചുള്ള വിഭജനം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വ രഹിതമായ അധ്യായമാണെന്നും വിഭജനത്തെ തുടർന്ന് ജീവൻ നഷ്ടമായ ലക്ഷക്കണക്കിന് മനുഷ്യരുടെ ഓർമയ്ക്ക് മുൻപിൽ ആദരമർപ്പിക്കുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ ബിജെപി പങ്കുവച്ച വീഡിയോക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ബിജെപിയുടെ രാഷ്ട്രീയത്തിന് ഇന്ധനമാകാനാണ് ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളെ കുറിച്ച് ഓർമിക്കുന്നതിന് പ്രധാനമന്ത്രി ഈ ദിവസം തെരഞ്ഞെടുത്തത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം.