ബിജെപി പാർലമെന്ററി ബോർഡ് :ഗഡ്കരി, ചൗഹാൻ ഔട്ട്; യെദിയൂരപ്പ ഇൻ
Thursday, August 18, 2022 1:17 AM IST
ന്യൂഡൽഹി: പാർലമെന്ററി ബോർഡ് അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിച്ച് ബിജെപി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പട്ടികയിലില്ല. എന്നാൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഇടം നേടി.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന പാർട്ടിയുടെ ഉന്നതാധികാര സമിതിയാണ് പാർലമെന്ററി ബോർഡ്. നിതിൻ ഗഡ്കരിയെ പാർലമെന്ററി ബോർഡ് അംഗങ്ങളുടെ പട്ടികയിൽ നിന്നും അപ്രതീക്ഷിതമായി ഒഴിവാക്കിയത് പാർട്ടി പ്രവർത്തകർക്ക് ഇടയിൽ പോലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
നരേന്ദ്ര മോദി സർക്കാരിലെ മുതിർന്ന മന്ത്രിമാരിൽ ഒരാളായ നിതിൻ ഗഡ്കരി ബിജെപിയുടെ മുൻ ദേശീയ അധ്യക്ഷനുമാണ്. മുൻ ബിജെപി അധ്യക്ഷനായിരുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്ററി ബോർഡിൽ അംഗമാണ്. ആസാം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെ പാർലമെന്ററി ബോർഡിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായി. കഴിഞ്ഞ വർഷം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായ യെദിയൂരപ്പയെ പാർലമെന്ററി ബോർഡിൽ ഉൾപ്പെടുത്തിയത് കർണാടകയിൽ യെദിയൂരപ്പയുടെ സ്വാധീനം പരിഗണിച്ചാണെന്നും വിവരങ്ങളുണ്ട്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ആസാം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കെ. ലക്ഷ്മണ്, ഇക്ബാൽ സിംഗ് ലാൽപുര, സുധ യാദവ്, സത്യനാരായണ് ജതിയ, ബി.എൽ. സന്തോഷ് എന്നിവരാണ് പാർലമെന്ററി ബോർഡ് അംഗങ്ങൾ.