ത്രിപുരയിലെ സിപിഎം എംഎൽഎ ബിജെപിയിൽ
Saturday, January 28, 2023 2:00 AM IST
ന്യൂഡൽഹി: ത്രിപുരയിൽ സിപിഎം-കോൺഗ്രസ് സഖ്യത്തിനു തിരിച്ചടിയായി സിപിഎം എംഎൽഎ മോബോഷർ അലിയും മുൻ സിപിഎം എംഎൽഎ സുബൽ ഭൗമിക്കും ബിജെപിയിൽ ചേർന്നു.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്നത്. ഇരുവർക്കും ബിജെപി സീറ്റ് നല്കിയേക്കും.
കൈലാഷഹറിൽനിന്നുള്ള എംഎൽഎയാണ് മോബോഷർ അലി. അലിയുമായി വിശദമായ ചർച്ച നടത്തിയെന്നും ബിജെപി വിരുദ്ധസഖ്യമെന്ന വിശാല താത്പര്യം മുൻനിർത്തി കൈലാഷഹർ സീറ്റ് കോൺഗ്രസിനു നൽകുകയായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ത്രിപുര പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ബ്രിജിത് സിൻഹയായിരിക്കും മത്സരിക്കുക.
സിപിഎമ്മിൽനിന്ന് എത്തിയയാളെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം ബിജെപിയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. സീറ്റ് മോഹികളായ ഒട്ടേറെ ബിജെപി നേതാക്കൾ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു.
സംഭവവികാസങ്ങളെക്കുറിച്ചു ധാരണയില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചശേഷമേ അന്തിമതീരുമാനത്തിലെത്തൂ എന്നും മുതിർന്ന ബിജെപി നേതാവായ തൊഴിൽമന്ത്രി ഭഗ്ബാൻ ദാസ് പറഞ്ഞു. ഫെബ്രുവരി 16നാണു ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുക.