ഇന്ദിരാവധം ചിത്രീകരിച്ചതിൽ നടപടി വേണമെന്നു കെ.സി. വേണുഗോപാൽ
Saturday, June 10, 2023 12:13 AM IST
ന്യൂഡൽഹി: കാനഡയിൽ ഇന്ദിരാഗാന്ധി വധം പുനരാവിഷ്കരിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവും നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.
എല്ലാകാര്യത്തിലും അഭിപ്രായപ്രകടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ കുറ്റകരമായ മൗനമാണ് തുടരുന്നത്. വിദേശകാര്യമന്ത്രി അദ്ദേഹത്തിന്റെ പതിവ് വാർത്താസമ്മേളനത്തിനിടയിൽ നടത്തിയ സ്വാഭാവിക പ്രതികരണത്തിനപ്പുറം കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല.
രാജ്യത്തിന്റെ ദേശീയബോധത്തിന് എതിരായ കടന്നാക്രമണമാണു നടന്നത്. കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്താൻ പോലും കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
അപലപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്ളോട്ടുമായി കാനഡയിലെ ബ്രാംപ്റ്റണ്‍ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി.
ഒരു കുറ്റകൃത്യവും ആഘോഷിക്കുന്നത് ശരിയല്ലെന്നും കൊലപാതകമെന്നത് നീതീകരിക്കാനാകാത്ത കുറ്റകൃത്യമാണെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. കാനഡ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.