ജ്യോതി മിർധയും സവായ് സിംഗ് ചൗധരിയും ബിജെപിയിൽ
Tuesday, September 12, 2023 12:40 AM IST
ന്യൂഡൽഹി/ജയ്പുർ: രാജസ്ഥാനിലെ പ്രമുഖ കോൺഗ്രസ് നേതാക്കളായ ജ്യോതി മിർധയും സവായ് സിംഗ് ചൗധരിയും ബിജെപിയിൽ ചേർന്നു.
ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ നേതാക്കളുടെ ചുവടുമാറ്റം കോൺഗ്രസിനു കനത്ത തിരിച്ചടിയായി.
നാഗൗർ മുൻ എംപിയായ ജ്യോതി മിർധ, അന്തരിച്ച കോൺഗ്രസ് നേതാവ് നാഥുറാം മിർധയുടെ കൊച്ചുമകളാണ്. പ്രമുഖ ജാട്ട് നേതാവായ നാഥുറാം മിർധ പലതവണ ലോക്സഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാർവാഡ് മേഖലയിൽ മിർധ കുടുംബത്തിനു കാര്യമായ സ്വാധീനമുണ്ട്. ഡോക്ടറായ മിർധ 2009ൽ നാഗൗറിൽ വിജയിച്ചു. 2019ൽ പരാജയപ്പെട്ടു.
മുൻ ഐപിഎസ് ഓഫീസറായ സവായ് സിംഗ് ചൗധരി 2018ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു.