ഏകീകൃത സിവിൽ കോഡ് : ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്തത് ഒരു ലിവിംഗ് ടുഗതർ ബന്ധം മാത്രം
Thursday, February 6, 2025 4:50 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) പ്രാബല്യത്തിൽ വന്നു ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും ലിവിംഗ് ടുഗതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിർദേശങ്ങൾ ഉൾപ്പെടെ പാലിക്കാൻ ആളുകൾക്ക് മടി. നിയമം പ്രാബല്യത്തിൽവന്ന് പത്തുദിവസം പിന്നിടുന്പോഴേക്കും ഒരു ലിവിംഗ് ടുഗതർ ബന്ധം മാത്രമാണ് ഇതുമായി ബന്ധപ്പെട്ട പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഞ്ച് അപേക്ഷകൾ ലഭിച്ചുവെന്നും ഒരെണ്ണത്തിനു മാത്രമാണ് രജിസ്ട്രേഷൻ നൽകിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. നാല് അപേക്ഷകൾ പരിശോധിച്ചുവരികയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞമാസം 27 നാണ് രാജ്യത്താദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്.