അസ്ഹർ: ചൈനയുമായി ധാരണയ്ക്കു ശ്രമം
Saturday, March 16, 2019 11:46 PM IST
വാഷിംഗ്ടൺ ഡിസി: ജയ്ഷ് ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ചൈനയുമായി അഭിപ്രായസമന്വയം ഉണ്ടാക്കുന്നതിനുള്ള ചർച്ചകൾ യുഎസും ഫ്രാൻസും യുകെയും ശക്തമാക്കിയതായി സൂചന.
അസ്ഹറിനെ ഭീകര പട്ടികയിൽ പെടുത്താനുള്ള യുഎൻ രക്ഷാസമിതി പ്രമേയം ചൈന തുടർച്ചയായ നാലാം പ്രാവശ്യം ബുധനാഴ്ച തടഞ്ഞിരുന്നു.
പുൽവാമ ആക്രമണത്തെത്തുടർന്നു ഇന്ത്യാ-പാക് സംഘർഷം വർധിച്ചതിനു പിന്നാലെ കഴിഞ്ഞ 27നാണ് പ്രമേയം ഫ്രാൻസും യുകെയും യുഎസും കൊണ്ടുവന്നത്.
ഒത്തുതീർപ്പെന്ന നിലയിൽ ചൈനയ്ക്കു കൂടെ സ്വീകാര്യമായ പദപ്രയോഗം രക്ഷാസമിതി പ്രമേയത്തിൽ ഉൾക്കൊള്ളിക്കുമെന്നാണ് സൂചന.
ചൈന വീണ്ടും പ്രമേയം തടയാൻ ശ്രമിച്ചാൽ ബാക്കി അംഗങ്ങൾക്കു വേറെ വഴികൾ നോക്കേണ്ടിവരുമെന്നും അതിനിടവരുത്തെരുതെന്നും രക്ഷാസമിതിയിലെ ഒരു പ്രതിനിധി ചൈനയ്ക്കുള്ള ഒരു താക്കീത് പോലെ പറഞ്ഞു.