അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയം ട്രംപ് വീറ്റോ ചെയ്തു
Saturday, March 16, 2019 11:46 PM IST
വാഷിംഗ്ടൺ ഡിസി: മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമാണത്തിനു ഫണ്ട് സ്വരൂപിക്കാനായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന യുഎസ് കോൺഗ്രസിന്റെ പ്രമേയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്തു. ട്രംപ് ഭരണത്തിലെ ആദ്യ വീറ്റോയാണിത്.
സെനറ്റും പ്രതിനിധിസഭയും സംയുക്തമായി പാസാക്കിയ പ്രമേയമാണ് ട്രംപ് വീറ്റോ ചെയ്തത്. ഡെമോക്രാറ്റുകൾക്കു പുറമേ 12 റിപ്പബ്ളിക്കന്മാരും പ്രമേയത്തെ അനുകൂലിച്ചു. വീറ്റോ മറികടക്കണമെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ കോൺഗ്രസ് വീണ്ടും പ്രമേയം പാസാക്കണം. ഇതിനുള്ള സാധ്യതയില്ല.
പ്രസിഡന്റെന്ന നിലയിൽ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണു തന്റെ പ്രഥമ കർത്തവ്യമെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഇന്നലെ കോൺഗ്രസ് അപകടകരമായ പ്രമേയം പാസാക്കി. ഇതു നിയമമായിരുന്നെങ്കിൽ ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ സുരക്ഷ അപകടത്തിലാകുമായിരുന്നു. കോൺഗ്രസിന് പ്രമേയം പാസാക്കാൻ സ്വാതന്ത്ര്യമുണ്ട്. അതു വീറ്റോ ചെയ്യാൻ എനിക്കു കടമയുമുണ്ട്. വീറ്റോ പ്രയോഗിച്ചതിൽ അഭിമാനം കൊള്ളുന്നു- ട്രംപ് പറഞ്ഞു.
മെക്സിക്കൻ അതിർത്തി കടന്ന് അനധികൃതമായി യുഎസിൽ കടക്കുന്നവർ അപകടകാരികളാണെന്ന വാദം ട്രംപ് ആവർത്തിച്ചു. ക്രിമിനിലുകളും മയക്കുമരുന്നു കടത്തുകാരും ഇതുവഴി യുഎസിൽ പ്രവേശിക്കുകയാണ്. മതിൽ നിർമാണത്തിന് ആവശ്യമായ തുക അനുവദിക്കാൻ ഡെമോക്രാറ്റിക് ഭൂരിപക്ഷ ജനപ്രതിനിധി സഭ വിസമ്മതിച്ചതിനെത്തുടർന്നാണു ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎസ് കോൺഗ്രസിന്റെ അനുമതി കൂടാതെ ഫണ്ട് സ്വരൂപിക്കാൻ അടിയന്തരാവസ്ഥാ നിയമപ്രകാരം സാധിക്കും.