ഏഡൻ പിടിച്ച വിമതർക്ക് എതിരേ സൗദി ആക്രമണം തുടങ്ങി
Sunday, August 11, 2019 11:22 PM IST
ഏഡൻ: അബ്ദുറബ് മൻസൂർ ഹാദിയുടെ നേതൃത്വത്തിലുള്ള യെമനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദി സഖ്യത്തിൽ വിള്ളൽ. സൗദി സഖ്യത്തിലെ യുഎഇയുടെ പിന്തുണയുള്ള തെക്കൻ യെമൻ വിമതർ(സതേൺ ട്രാൻസിഷൻ കൗൺസിൽ-എസ്ടിസി) ഏഡൻ നഗരത്തിന്റെ നിയന്ത്രണം പിടിച്ചു. വിമതർക്ക് എതിരേ സൗദി പ്രത്യാക്രമണം ആരംഭിച്ചു.ഹാദി സർക്കാരിന്റെ ആസ്ഥാനമായ ഏഡൻ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിക്കാനുള്ള പോരാട്ടം എസ്ടിസി ആരംഭിച്ചത് വ്യാഴാഴ്ചയാണ്.
ശനിയാഴ്ചയോടെ സൈനിക ക്യാന്പുകൾ വിമതരുടെ പിടിയിലായി. മൂന്നുദിവസത്തെ പോരാട്ടത്തിൽ 40 പേർ കൊല്ലപ്പെട്ടു. സിവിലിയന്മാർ ഉൾപ്പെടെ 260 പേർക്കു പരിക്കേറ്റു. ഈദ് ദിനാഘോഷ വേളയിൽ ഇത്തരം ദുരന്തം ഉണ്ടായത് ഏറെ പരിതാപകരമാണെന്ന് യുഎൻ കോഓർഡിനേറ്റർ ലിസി ഗ്രാൻഡി പറഞ്ഞു.
തെക്കൻ യെമന് സ്വാതന്ത്ര്യം വേണമെന്നാണു വിമതരുടെ ആവശ്യം. 1990വരെ തെക്കൻ യെമനും വടക്കൻ യെമനും സ്വതന്ത്ര രാജ്യങ്ങളായിരുന്നു. കൊല്ലപ്പെട്ട പ്രസിഡന്റ് അബ്ദുള്ള സാലിഹിന്റെ കാലത്താണ് ഇരുരാജ്യങ്ങളും ചേർന്ന് ഒറ്റ രാജ്യമായത്.
യെമൻ തലസ്ഥാനമായ സനായുടെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൗതി ഷിയാകൾ കൈയടക്കിയതിനെത്തുടർന്ന് പലായനം ചെയ്ത പ്രസിഡന്റ് ഹാദിക്ക് സൗദി അഭയം നൽകി. സൗദിയുടെ പിന്തുണയോടെ ഏഡൻ ആസ്ഥാനമായി ഹാദി സർക്കാർ ഭരണം നടത്തുകയാണ്.
ഇതിനിടയിലാണ് സൗദി സഖ്യത്തിലെ ഘടകകക്ഷിയായ യുഎഇയുടെ പിന്തുണയോടെ തെക്കൻ വിമതർ ഏഡൻ സൈന്യത്തിനു നേർക്ക് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.ഇന്നലെ മക്ക മേഖലയിൽ വച്ച് സൗദിയിലെ സൽമാൻ രാജാവ് ഹാദിയുമായി കൂടിക്കാഴ്ച നടത്തി.
യെമനിൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്നു സൗദി പ്രസ് ഏജൻസി റിപ്പോർട്ടു ചെയ്തു. തെക്കൻ വിമതർക്ക് ഇനിയും പിന്മാറാനുള്ള അവസരമുണ്ടെന്ന് സൗദി സ്റ്റേറ്റ് ടിവി പറഞ്ഞു.