ബ്രെക്സിറ്റ് ചർച്ചയ്ക്കായി ജോൺസൻ ബർലിനിലേക്ക്
Monday, August 19, 2019 12:16 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ ബുധനാഴ്ച ബർലിനിലെത്തി ചാൻസലർ ആംഗല മെർക്കലുമായി ബ്രെക്സിറ്റ് പ്രശ്നത്തിൽ ചർച്ച നടത്തും. വ്യാഴാഴ്ച പാരീസിലെത്തി പ്രസിഡന്റ് എമ്മാനുവൽ മക്രോണുമായും കൂടിക്കാഴ്ച നടത്തും. പുതിയ ബ്രെക്സിറ്റ് കരാർ ഉണ്ടാക്കുന്നതു സംബന്ധിച്ചാവും ചർച്ച.
കരാറുണ്ടായാലും ഇല്ലെങ്കിലും ഒക്ടോബർ 31നു യൂറോപ്യൻ യൂണിയൻ വിടുമെന്ന കാര്യത്തിൽ നീക്കുപോക്കില്ലെന്ന് ജോൺസൻ ഇരു നേതാക്കളെയും ധരിപ്പിക്കും. ബ്രെക്സിറ്റിനുള്ള ജനവിധി റദ്ദാക്കാൻ പാർലമെന്റിനു കഴിയില്ലെന്ന നിലപാടാണു ജോൺസനുള്ളത്.
ഇതിനിടെ ബ്രെക്സിറ്റ് നടപ്പായാൽ ബ്രിട്ടൻ സാന്പത്തികമാന്ദ്യത്തിലേക്കു നീങ്ങുമെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ട് സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചത് അപലപനീയമാണെന്നു ജോൺസൻ ഭരണകൂടം പറഞ്ഞു.
കരാറില്ലാതെ യുറോപ്യൻ യൂണിയൻ വിട്ടാൽ ബ്രിട്ടൻ ഇന്ധന, ഭക്ഷ്യ, മരുന്നു ക്ഷാമം നേരിടേണ്ടിവരുമെന്നാണ് ചോർത്തി പ്രസിദ്ധീകരിച്ച സർക്കാർ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് കാലഹരണപ്പെട്ടതാണെന്നും പല മാറ്റങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.