കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണം: പാക്കിസ്ഥാൻ
Tuesday, September 10, 2019 11:34 PM IST
ജനീവ: ജമ്മു കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം നടത്തണമെന്നും കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷവും അന്താരാഷ്ട്ര സമിതി ഉദാസീനമായ നിലപാട് സ്വീകരിക്കരുതെന്നും പാക്കിസ്ഥാൻ. കാഷ്മീർ വിഷയത്തിൽ പ്രതികരിക്കാതെയിരുന്നാൽ യുഎൻ സമിതിയെ ലോകം കളിയാക്കുമെന്ന് യുഎൻ മനുഷ്യാവകാശ സമിതിയുടെ (യുഎൻഎച്ച്ആർസി) 42-ാം യോഗത്തിൽ പാക്കിസ്ഥാൻ സംഘത്തെ നയിച്ചു പ്രസംഗിക്കവേ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിനു ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കി. ഇതിനു ശേഷവും യുഎൻഎച്ച്ആർസി ഉദാസീനമായി നിലപാടാണു സ്വീകരിക്കുന്നത്. കാഷ്മീരിലെ ജനങ്ങൾക്കു നീതിയും ബഹുമാനവും ലഭിക്കുന്നതിനായി ലോകമനുഷ്യാവകാശ മനസാക്ഷിയുടെ കലവറയായ സമിതിയുടെ വാതിലിൽ ഞാൻ ഇന്നു മുട്ടുകയാണ്- ഖുറേഷി മനുഷ്യാവകാശ സമിതിയിൽ പറഞ്ഞു.
കാഷ്മീരിൽ സൈന്യം പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നത് അടിയന്തരമായി നിർത്തുക, കർഫ്യു പിൻവലിക്കുക, കരുതൽ തടങ്കലിൽ വയ്ക്കുന്നതു നിർത്തുക, വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കുക, മൗലികമായ അവകാശങ്ങളും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയവും മറ്റു മനുഷ്യാവകാശ സംവിധാനങ്ങളും വിഭാവനം ചെയ്യുന്ന ഉടന്പടികൾ നടപ്പിലാക്കണമെന്നും ഖുറേഷി സമിതിയിൽ ആവശ്യപ്പെട്ടു.
മനുഷ്യാവകാശത്തിനു വേണ്ടിയുള്ള യുഎൻ ഹൈക്കമ്മീഷണറുടെ ശിപാർശപ്രകാരം കാഷ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് അന്വേഷിക്കാൻ സമിതി ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.
കാര്യങ്ങൾ മനസിലാക്കി ദൃഢവിശ്വാസത്തോടെ പ്രവർത്തിക്കുമെന്ന് ഖുറേഷി പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.