അങ്ങകലെ ഒരു ഗ്രഹത്തിൽ ജലം
Thursday, September 12, 2019 11:50 PM IST
ലണ്ടൻ: സൗരയൂഥത്തിനു പുറത്ത് ജലം ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ചു. 110 പ്രകാശവർഷം അകലെയുള്ള കെ2-18ബി എന്ന ഗ്രഹത്തിന്റെ അന്തരീക്ഷതാപനിലയും ഭൂമിയുടേതിനു സമാനമാണ്. ശാസ്ത്രലോകത്തെ ആവേശത്തിലാഴ്ത്തിയ ഗ്രഹം വാസയോഗ്യമാണോയെന്ന കാര്യത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
കെ2-18 എന്ന ചുവന്ന കുള്ളൻ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹമാണിത്. പിണ്ഡം ഭൂമിയുടെ എട്ടു മടങ്ങുണ്ട്. നേച്ചർ അസ്ട്രോണമി ജേണലിലാണ് ഗ്രഹത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
ബഹിരാകാശത്തുള്ള ഹബിൾ ടെലിസ്കോപ് 2016നും 17നും ഇടയിൽ ശേഖരിച്ച വിവരങ്ങൾ കംപ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ വിശകലനം ചെയ്താണ് ജലസാന്നിധ്യം സ്ഥിരീകരിച്ചത്.
ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യമുണ്ട്. ദ്രവരൂപത്തിൽതന്നെ ജലമുള്ളതുകൊണ്ടാണ് ഇതെന്നു കരുതുന്നു. ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. നൈട്രജൻ, മീഥേൻ തുടങ്ങിയവയും ഉണ്ടെന്ന് കരുതുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
ഗ്രഹം വാസയോഗ്യമാകാൻ സാധ്യതയുണ്ടെന്ന് ജേണലിൽ ലേഖനം എഴുതിയവരിൽ ഒരാളായ യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ ആഞ്ചലോസ് സിയറാസ് അഭിപ്രായപ്പെട്ടു.
എന്നാൽ ഗ്രഹത്തിലെ മർദം ഭൂമിയിലേതിനേക്കാൾ പത്തിരട്ടി വരുമെന്നും വാസയോഗ്യമല്ലായിരിക്കുമെന്നും മിഷിഗൺ യൂണിവേഴ്സിറ്റി ഗവേഷകനായ എറിൻ മേ പറഞ്ഞു.