ബോൾട്ടനു പകരം പോംപിയോ?
Thursday, September 12, 2019 11:50 PM IST
വാഷിംഗ്ടൺ ഡിസി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയിൽനിന്നു പുറത്താക്കപ്പെട്ട ജോൺ ബോൾട്ടനു പകരം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ നിയമിക്കാൻ സാധ്യതയെന്നു റിപ്പോർട്ട്. പോംപിയോയ്ക്കു രണ്ടു പദവിയും ഒരുമിച്ചു നൽകാനാണു നീക്കമെന്നു സിഎൻഎൻ റിപ്പോർട്ടു ചെയ്തു. ഇതിനു മുന്പ് 1973-75 കാലഘട്ടത്തിൽ ഹെന്റി കിംസിംഗർ രണ്ടു പദവിയും ഒരേസമയം വഹിച്ചിട്ടുണ്ട്.
ബോൾട്ടനെ പുറത്താക്കിയത് ഗുരുതരമായ തെറ്റുകളുടെ പേരിലാണെന്നു ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയൻ പ്രശ്നത്തിൽ ബോൾട്ടൻ എടുത്ത നിലപാട് സ്വീകാര്യമല്ല. ആണവ നിരായുധീകരണത്തിൽ ലിബിയയോടു സ്വീകരിച്ച സമീപനം ഉത്തരകൊറിയയോടു വേണമെന്ന ബോൾട്ടന്റെ പ്രസ്താവന അനുചിതമാണ്. ലിബിയയിൽ ഗദ്ദാഫി കൊല്ലപ്പെടുകയാണുണ്ടായത്. അഫ്ഗാനിസ്ഥാനിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്പോൾ സൈനിക വിന്യാസം വിപുലമാക്കണമെന്നായിരുന്നു ബോൾട്ടന്റെ നിർദേശം. ഇറാൻ പ്രശ്നത്തിലും ബോൾട്ടന്റെ കടുംപിടിത്തം പ്രശ്നം സൃഷ്ടിച്ചു.
ബോൾട്ടന്റെ സ്ഥാനചലനത്തിനു പിന്നാലെ ഇറാനെതിരേയുള്ള ഉപരോധത്തിൽ അയവു വരുത്താനും ചർച്ച നടത്താനും ട്രംപ് ഭരണകൂടം തയാറായേക്കുമെന്നു റിപ്പോർട്ടുണ്ട്.