നെതന്യാഹുവിനു തിരിച്ചടി
Wednesday, September 18, 2019 10:39 PM IST
ജറുസലം: ചൊവ്വാഴ്ച നടന്ന ഇസ്രേലി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കും എതിരാളി മുൻ സൈനിക മേധാവി ബന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്കും ഭൂരിപക്ഷമില്ല. 90ശതമാനം വോട്ടെണ്ണിയപ്പോൾ ബ്ലൂ ആൻഡ് വൈറ്റിന് 32 സീറ്റും ലിക്കുഡിന് 31 സീറ്റും കിട്ടി. വിവിധ ചെറുകിട പാർട്ടികളുടെ സഹകരണത്തോടെ സർക്കാർ രൂപീകരിക്കാൻ ഇരുകൂട്ടരും കരുക്കൾ നീക്കുകയാണ്.
പതിമൂന്നു വർഷം അധികാരത്തിലിരുന്ന നെതന്യാഹുവിന് അഞ്ചാംവട്ടവും പ്രധാനമന്ത്രിയാവാൻ സാധിക്കുമോ എന്ന് ഇപ്പോഴും തീർച്ചയില്ല. തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെടാൻ നെതന്യാഹു തയാറായിട്ടില്ല. തോൽവിയും സമ്മതിച്ചിട്ടില്ല. ഒന്പതു സീറ്റുള്ള യിസ്രായെൽ ബിറ്റെന്യൂ പാർട്ടിയുടെ നേതാവ് അവിഗ്ദോർ ലീബർമാന്റെ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സർക്കാർ രൂപീകരിക്കാൻ ലീബർമാന്റെ സഹായം കൂടിയേ തീരു. ലിക്കുഡും ബ്ളൂ ആൻഡ് വൈറ്റും യിസ്രായെൽ ബിറ്റെന്യൂവും ചേർന്ന കൂട്ടുകക്ഷി ഗവൺമെന്റിനാണു ജനവിധിയെന്നും താൻ സർക്കാരിൽ ചേരില്ലെന്നും ലീബർമാൻ പറഞ്ഞു.
ഇപ്പോഴത്തെ അനിശ്ചിതത്വം എത്രനാൾ നീളുമെന്നു വ്യക്തമല്ല. ഒൗദ്യോഗിക ഫലപ്രഖ്യാപനം വന്നു കഴിഞ്ഞ് പ്രസിഡന്റാണു തീരുമാനമെടുക്കേണ്ടത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിനെത്തുടർന്നു ഭൂരിപക്ഷ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ നെതന്യാഹുവിനു സാധിക്കാത്തതിനാലാണ് വീണ്ടും ഇലക്ഷൻ നടത്തേണ്ടിവന്നത്.
താൻ അധികാരത്തിലെത്തിയാൽ വെസ്റ്റ് ബാങ്കിലെ ഏതാനും ഭാഗങ്ങൾ ഇസ്രയേലിനോടു കൂട്ടിച്ചേർക്കുമെന്നതുൾപ്പെടെയുള്ള വാഗ്ദാനം നൽകിയാണ് നെതന്യാഹു തെരഞ്ഞെടുപ്പിനെ നേരിട്ടത്.