തുർക്കി ആക്രമണം: ലക്ഷംപേർ പലായനം ചെയ്തെന്നു യുഎൻ
Saturday, October 12, 2019 12:10 AM IST
ഡമാസ്കസ്: വടക്കുകിഴക്കൻ സിറിയയിൽ തുർക്കി സൈന്യം ആക്രമണം ആരംഭിച്ചശേഷം മേഖലയിൽനിന്നു പലായനം ചെയ്തവരുടെ എണ്ണം ഒരു ലക്ഷമായെന്നു യുഎൻ പറഞ്ഞു. അൽ ഹസാക്ക, അൽ റാഖാ പ്രവിശ്യകളിൽ ഷെല്ലാക്രമണം രൂക്ഷമാണ്.
വടക്കൻ സിറിയയെ കുർദിഷ് ഭീകരരിൽ നിന്നു മോചിപ്പിച്ച് സുരക്ഷിത മേഖല സ്ഥാപിക്കുകയും തുർക്കിയിലുള്ള 30ലക്ഷം സിറിയൻ അഭയാർഥികളിൽ നല്ല പങ്കിനെ ഇവിടെ പുനരധിവസിപ്പിക്കുകയുമാണ് തുർക്കിയുടെ ലക്ഷ്യം.
ഐഎസിനെതിരായ പോരാട്ടത്തിൽ സഹായിച്ച കുർദിഷ് എസ്ഡിഎഫ് പോരാളികളെ തുർക്കിയുടെ ദയാദാക്ഷിണ്യത്തിനു കൈവിട്ട് അമേരിക്കൻ സൈന്യത്തെ പ്രസിഡന്റ് ട്രംപ് ഈയിടെ പിൻവലിച്ചിരുന്നു. ഇതെത്തുടർന്നാണ് തുർക്കി വ്യോമ,കരയാക്രമണം ആരംഭിച്ചത്. ഇതിനകം 342 കുർദിഷ് ഭീകരരെ വകവരുത്തിയെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ അവകാശപ്പെട്ടു. 32 കുർദിഷ് പോരാളികൾ മാത്രമാണു കൊല്ലപ്പെട്ടതെന്ന് സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. മൂന്നാം ദിവസത്തിലേക്കു കടന്ന സൈനിക പോരാട്ടത്തിൽ ഇതിനകം ആറു സിറിയൻ സിവിലിയന്മാർക്കും ഏഴു തുർക്കി സിവിലിയന്മാർക്കും ജീവഹാനി നേരിട്ടു.
ഒരു തുർക്കി പട്ടാളക്കാരനും കൊല്ലപ്പെട്ടു. സിവിലിയന്മാരുടെ ജീവഹാനി കഴിയുന്നത്ര കുറയ്ക്കാൻ വേണ്ട നടപടി സ്വീകരിച്ചുകൊണ്ടാണു സൈനിക നടപടി പുരോഗമിക്കുന്നതെന്ന് തുർക്കി പ്രതിരോധമന്ത്രി ഹുലുസി അകർ പറഞ്ഞു. അൽഹസാക്ക, അൽ റാഖാ മേഖലയിൽനിന്നു മാത്രം എഴുപതിനായിരം പേർ സുരക്ഷിത മേഖലയിലേക്ക് പലായനം ചെയ്തെന്ന് യുഎന്നിന്റെ ലോകഭക്ഷ്യ പ്രോഗ്രാം പറഞ്ഞു