സന്പുഷ്ട യുറേനിയം ഉത്പാദനം പത്തുമടങ്ങു വർധിപ്പിച്ച് ഇറാൻ
Tuesday, November 5, 2019 12:10 AM IST
ടെഹ്റാൻ: സന്പുഷ്ട യുറേനിയം ഉത്പാദനം പത്തുമടങ്ങു വർധിപ്പിച്ചെന്ന് ഇറാൻ അറിയിച്ചു. രണ്ട് നവീകൃത സെൻട്രിഫ്യൂജ് യന്ത്രങ്ങൾ വികസിപ്പിച്ചിട്ടുമുണ്ട്. ഇതിൽ ഒന്നിന്റെ പരീക്ഷണം ആരംഭിച്ചതായും ഇറാൻ ആണവോർജ സമിതി അധ്യക്ഷൻ അലി അക്ബർ സലേഹി വ്യക്തമാക്കി. പ്രതിദിനം അഞ്ചു കിലോഗ്രാം സന്പുഷ്ട യുറേനിയം ഇപ്പോൾ ഉത്പാദിപ്പിക്കുന്നതായി മധ്യ ഇറാനിലെ നാറ്റാൻസിലെ ആണവനിലയത്തിൽവച്ച് സലേഹി റിപ്പോർട്ടർമാരോടു പറഞ്ഞു.
ആണവ പദ്ധതി വെട്ടിച്ചുരുക്കിക്കൊണ്ടുള്ള കരാറിൽ നിന്നുള്ള പിന്നോക്കം പോകലാണിത്. ആണവക്കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധം ശക്തമാക്കുകയും ചെയ്തെങ്കിലും കരാറിലെ മറ്റു കക്ഷികൾ ഇതുവരെ കരാറിനെ തള്ളിപ്പറഞ്ഞിരുന്നില്ല. യുഎസ് ഉപരോധം മറികടക്കാൻ ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജർമനി, റഷ്യ എന്നിവ തയാറായില്ലെങ്കിൽ കൂടുതൽ കടുത്ത നടപടിക്ക് മുതിരുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ആണവായുധ നിർമാണത്തിനുകൂടി ഉപകരിക്കുന്ന സന്പുഷ്ട യുറേനിയത്തിന്റെ ശേഖരം കരാർ വ്യവസ്ഥയിൽ പറഞ്ഞിരുന്ന 300 കിലോപരിധിയിൽനിന്നു കൂട്ടിയതായി ജൂലൈയിൽത്തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു. മെച്ചപ്പെട്ട സെൻട്രിഫ്യൂജുകൾ സ്ഥാപിച്ച് സന്പുഷ്ടീകരണത്തിന്റെ തോത് കൂട്ടിയതായും പറഞ്ഞിരുന്നു.