കാട്ടുതീ: മരണം 27
Monday, January 13, 2020 12:21 AM IST
കാൻബറ: ഓസ്ട്രേലിയയിൽ കാട്ടുതീയിൽ ഒരാൾകൂടി മരിച്ചു. വിക്ടോറിയ സംസ്ഥാനത്ത് ബിൽ സ്ലേഡ് എന്ന അഗ്നിശമന സേനാംഗമാണ് കൊല്ലപ്പെട്ടത്. മരം വീണായിരുന്നു മരണം. നവംബർ മുതൽ ഓസ്ട്രേലിയയെ വിഴുങ്ങുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം ഇതോടെ 27 ആയി. രണ്ടായിരം ഭവനങ്ങൾ ചാന്പലായി.
ഇതിനിടെ, ദീർഘകാല അടിസ്ഥാനത്തിൽ കാട്ടുതീ നേരിടുന്നതിന് പദ്ധതി തയാറാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംന്ധിച്ച ഓസ്ട്രേലിയയുടെ നയം കർശനമാക്കുന്നത് അടക്കമുള്ള നടപടികളാണ് ആലോചിക്കുന്നതെന്ന് മോറിസൺ വിശദീകരിച്ചു.
കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീക്കു കാരണമെന്നു വിലയിരുത്തപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ സർക്കാർ എടുക്കണമെന്നാവശ്യപ്പെട്ട് സിഡ്നിയിലും മെൽബണിലും കഴിഞ്ഞദിവസം ആയിരങ്ങളുടെ പ്രകടനം നടന്നിരുന്നു.