രോഹിംഗ്യകളുടെ ബോട്ട് മുങ്ങി, 16 മരണം
Wednesday, February 12, 2020 12:22 AM IST
ധാക്ക: രോഹിംഗ്യ മുസ്ലിം അഭയാർഥികൾ സഞ്ചരിച്ച ബോട്ട് ബംഗാൾ ഉൾക്കടലിൽ മുങ്ങി 16 പേർക്കു ജീവഹാനി നേരിട്ടു. മനുഷ്യക്കടത്തുകാരുടെ വലയിൽ കുടുങ്ങി ബംഗ്ലാദേശിലെ അഭയാർഥി ക്യാന്പുകളിൽ നിന്ന് മലേഷ്യക്കു പുറപ്പെട്ടവരാണ് ദുരന്തത്തിനിരയായത്. ബോട്ടിൽ 125 പേരാണുണ്ടായിരുന്നതെന്നും 62 പേരെ രക്ഷപ്പെടുത്തിയെന്നും തീരസംരക്ഷണ സേന അറിയിച്ചു.
കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. പതിനാലു സ്ത്രീകളുടെയും ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തു. സെന്റ് മാർട്ടിൻ ദ്വീപിനു സമീപമാണ് അപകടമുണ്ടായത്. അമിതഭാരമാണ് അപകടത്തിനു കാരണമെന്ന് കോക്സ് ബസാർ പോലീസ് മേധാവി ഇക്ബാൽ ഹുസൈൻ പറഞ്ഞു.
സൈനിക നടപടിയെത്തുടർന്ന് 2017 ഓഗസ്റ്റിനുശേഷം മ്യാൻമറിൽ നിന്നു പലായനം ചെയ്ത ഏഴുലക്ഷത്തോളം ന്യൂനപക്ഷ രോഹിംഗ്യൻ മുസ്ലിം അഭയാർഥികളാണ് ബംഗ്ലാദേശിലെ ക്യാന്പുകളിൽ കഴിയുന്നത്. തലമുറകളായി മ്യാൻമറിൽ കഴിഞ്ഞിരുന്ന ഇവർക്ക് മ്യാൻമർ പൗരത്വം അനുവദിക്കുന്നില്ല.
ബംഗ്ലാദേശിൽനിന്ന് എത്തിയ അനധികൃത ബംഗാളി കുടിയേറ്റക്കാരാണു രോഹിംഗ്യകളെന്നാണുമ്യാൻമർ ഭരണകൂടത്തിന്റെ നിലപാട്.