പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കാൻ ചൈന; 71,000 പേർക്കു കൊറോണ
Tuesday, February 18, 2020 12:25 AM IST
ബെയ്ജിംഗ്: കൊറോണ വൈറസ് രോഗം വ്യാപകമായ പശ്ചാത്തലത്തിൽ പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കാൻ ചൈന ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്തമാസം നടക്കേണ്ട നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെയും(എൻപിസി) ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫ്രൻസിന്റെയും (സിപിപി സിസി) സമ്മേളനങ്ങൾ മാറ്റിവയ്ക്കാനാണു പദ്ധതി. രണ്ടിലുംകൂടി അയ്യായിരം പേരുണ്ട്.
മാർച്ച് അഞ്ചുമുതൽ രണ്ടാഴ്ച ദീർഘിക്കുന്ന എൻപിസി സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നതാണ്. എൻപിസിയെ റബർ സ്റ്റാന്പ് പാർലമെന്റായാണു പരിഗണിക്കുന്നത്. സമ്മേളനം മാറ്റുന്നതു സംബന്ധിച്ചും പുതുക്കിയ തീയതി സംബന്ധിച്ചും തീരുമാനമെടുക്കേണ്ടത് എൻപിസി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ്. കമ്മിറ്റി ഈ മാസം തന്നെ ചേർന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
വാർഷിക ബജറ്റും പുതിയ നിയമങ്ങളും അവതരിപ്പിച്ചു പാസാക്കേണ്ട പാർലമെന്റ് സമ്മേളനം നീട്ടുന്നത് അസാധാരണ നടപടിയാവും. പാർട്ടിയുടെ ഔദ്യോഗിക ചുമതല വഹിക്കുന്ന പ്രതിനിധികൾക്ക് തങ്ങളുടെ പ്രവിശ്യകളിലെ രോഗനിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടതുള്ളതിനാലാണ് പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കുന്നതെന്നു പറയപ്പെടുന്നു.
ഇതിനിടെ കൊറോണ വൈറസ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞെന്ന് ചൈന അവകാശപ്പെട്ടു. ഇന്നലെ 105 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ ചൈനയിൽ മാത്രം 1770 ആയി. ഹോങ്കോംഗ്, ഫ്രാൻസ്, ജപ്പാൻ, ഫിലിപ്പീൻസ്, തായ്വാൻ എന്നീ രാജ്യങ്ങളിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ 71000 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 70,598 പേരും ചൈനയിലാണ്.
അമേരിക്കയിൽ ക്വാറന്റൈൻ
ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് ക്വാറന്റൈനിൽ കിടക്കുന്ന ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിലെ അമേരിക്കക്കാരിൽ 340 പേരെ ചാർട്ടർ ചെയ്ത രണ്ടു വിമാനങ്ങളിൽ ഇന്നലെ നാട്ടിലെത്തിച്ചു. ഒരു വിമാനം കലിഫോർണിയയിലും മറ്റൊന്ന് ടെക്സസിലും ഇറങ്ങി. ഇതിലുള്ള മുഴുവൻ പേരെയും രണ്ടാഴ്ചകൂടി ക്വാറന്റൈനിൽ പാർപ്പിക്കാനാണു തീരുമാനം. ഈ മാസം മൂന്നുമുതൽ ജപ്പാൻ തുറമുഖത്തെ കപ്പലിൽനിന്നു പുറത്തിറങ്ങാനാവാതെ കഴിഞ്ഞ ഇവർക്ക് വീണ്ടും യുഎസിലും ക്വാറന്റൈൻ ഏർപ്പെടുത്തിയത് ഏറെ ബുദ്ധിമുട്ടിനിടയാക്കി.
കപ്പലിൽ വിവിധ രാജ്യക്കാരായ മൂവായിരത്തിലധികം പേരുണ്ട്. ഇവരിൽ 454 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.പരിശോധന തുടരുകയാണ്. രോഗബാധയുള്ളവരെ ആശുപത്രികളിലേക്കു മാറ്റി. അഞ്ച് ഇന്ത്യക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലുള്ള തങ്ങളുടെ രാജ്യക്കാരെ മടക്കിക്കൊണ്ടുവരാൻ ബ്രിട്ടൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ നടപടി തുടങ്ങി.