ഭരണഘടനാ പരിഷ്കാരം: റഷ്യയിൽ വോട്ടിംഗ് അവസാനിച്ചു
Wednesday, July 1, 2020 11:25 PM IST
മോസ്കോ: 2036 വരെ റഷ്യൻ പ്രസിഡന്റായി വ്ളാഡിമർ പുടിൻ തുടരുന്നതിനു വ്യവസ്ഥയുള്ള ഭരണഘടനാ ഭേദഗതിയിന്മേലുള്ള ജനകീയ വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായി. കോവിഡ്-19 നെത്തുടർന്ന് കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പാണു നടത്തിയത്. കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ വന്പൻ പ്രചാരണപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
പുടിനെതിരേയുള്ള പ്രതിപക്ഷ ആരോപണങ്ങൾ ദുർബലമായിരുന്നു. ബുധനാഴ്ച രാവിലെ പോളിംഗ് 55 ശതമാനത്തിൽ എത്തി. രാജ്യത്തിന്റെ ചില മേഖലയിൽ 90 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് സമയം അവസാനിച്ചപ്പോൾ 70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നാണു വിവരം.
മോസ്കോയിലെ പോളിംഗ് ബൂത്തിലാണ് പ്രസിഡന്റ് പുടിൻ വോട്ട് രേഖപ്പെടുത്തിയത്. മുഖം മറയ്ക്കാതെയാണ് അദ്ദേഹം പോളിംഗ് ബൂത്തിൽ പ്രവേശിച്ചത്. പാസ്പോർട്ടാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. നിലവിലെ ഭരണഘടനയനുസരിച്ച് 2024 ൽ കാലാവധി പൂർത്തിയായാൽ പുടിനു വീണ്ടും പ്രസിഡന്റായി തുടരാൻ സാധിക്കില്ല.