ഇതു വേർപെടലിന്റെ സന്തോഷം...
Friday, July 10, 2020 12:37 AM IST
റോം: രണ്ടുവയസുള്ള എർവിന, പ്രെഫിന സഹോദരിമാർക്ക് ഇനി വെവ്വേറെ ജീവിതം. ഇതുവരെ ഇരുവരും ഒരുമിച്ചായിരുന്നു. തലയോട്ടി ഒരുമിച്ചു ചേർന്ന അവസ്ഥ. വത്തിക്കാന്റെ കുട്ടികൾക്കായുള്ള ബാംബിനോ ഗെസു ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിൽ ഇരുവരുടെയും തല വേർപെടുത്തി. സാധാരണ ജീവിതത്തിലേക്ക് ഇവർ ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാർ.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗുയിയിലാണ് ഇവർ ജനിച്ചത്. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണിത്. ബാംബിനോ ഗെസു ആശുപത്രിയുടെ പ്രസിഡന്റ് മരിയെല്ല എനോക്കാണ് ഇവരെ കണ്ടെത്തി റോമിലേക്കു കൊണ്ടുവന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശാനുസരണം ശിശുക്ഷേമ പരിപാടികൾക്ക് എത്തിയതായിരുന്നു മരിയെല്ലാ.
അമ്മ എർമിനയുമായി എത്തിയ ഈ കുട്ടികളെ വേർപെടുത്തിയെടുക്കൽ അത്ര എളുപ്പമല്ലായിരുന്നു. തലയോട്ടി മാത്രമല്ല, തലച്ചോറിന്റെ ചിലഭാഗങ്ങളും കൂടിച്ചേർന്നായിരുന്നു; തലച്ചോറിലേക്ക് ഓക്സിജൻ നല്കുന്ന ഭാഗമടക്കം. അതുകൊണ്ടുതന്നെ ഇത്തരമൊരു ശസ്ത്രക്രിയ വിജയം ഇറ്റലിയിലെന്നല്ല, ലോകത്തിൽ തന്നെ ആദ്യമായിരിക്കാമെന്ന് ആശുപത്രിയിലെ ന്യൂറോ സർജറി ഡയറക്ടർ ഡോ. കാർലോ എപിസിയോ മാറാസ് പറയുന്നു.
ഒരു വർഷം നീണ്ട ഒരുക്കത്തിൽ മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു ശസ്ത്രക്രിയകൾ. 2019 മേയ്, ജൂൺ മാസങ്ങളിലായിരുന്ന ആദ്യ രണ്ടു ശസ്ത്രക്രിയകൾ. ഞായറാഴ്ച ആരംഭിച്ച മൂന്നാംഘട്ടം 18 മണിക്കൂർ നീണ്ടു. 30 മെഡിക്കൽ സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു.