കോവിഡ്-19: പട്ടിണിയിലായത് 15 കോടി കുരുന്നുകൾ
Thursday, September 17, 2020 11:12 PM IST
യുണൈറ്റഡ്നേഷൻസ്: ലോകമെന്പാടുമായി പതിനഞ്ചുകോടി കുട്ടികൾക്കൂടി കോവിഡ്-19 നെത്തുടർന്നു പട്ടിണിയിലായതായി യുണിസെഫ്.
ഇതോടെ പോഷകാഹാരക്കുറവും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവവുമുൾപ്പെടെ വിവിധ രൂപത്തിലുള്ള പട്ടിണിയെ ഏകദേശം 120 കോടിയോളം കുട്ടികൾ അഭിമുഖീകരിക്കുന്നുവെന്നാണ് കണക്കുകൾ. യുണിസെഫിനൊപ്പം ബാലാവകാശ സംഘടനയായ സേവ് ദി ചിൽഡ്രനും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഭീതിപ്പെടുത്തുന്ന ഈ വസ്തുതതകൾ.
വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, പോഷകാഹാരം, ശുചീകരണസംവിധാനങ്ങൾ, കുടിവെള്ളം തുടങ്ങി അത്യന്താപേക്ഷിതമായ പല ഘടകങ്ങളുടെയും അഭാവമുള്ള കുട്ടികളുടെ എണ്ണം കോവിഡിനുശേഷം15 ശതമാനത്തോളം ഉയർന്നു. ഈ വർഷമാദ്യം പ്രത്യക്ഷപ്പെട്ട രോഗംമൂലം ഏകദേശം 15 കോടി കുരുന്നുകൾകൂടി ഈ പട്ടികയിലേക്കു ചേർക്കപ്പെട്ടതോടെയാണിത്.
എഴുപതോളം രാജ്യങ്ങളിലെ സ്ഥിതിവിവരക്കണക്കുകളാണ് വിശകലനത്തിനായി ഉപയോഗിച്ചത്. വരുംമാസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുമെന്നാണു വ്യക്തമാകുന്നതെന്ന് യുണിസെഫ് നിരീക്ഷിക്കുന്നു. പ്രശ്നപരിഹാരത്തിന് സർക്കാരുകളുടെ സഹായത്തോടെ, പൊതുജനപങ്കാളിത്തത്തോടെ കർമപദ്ധതികൾ തയാറാക്കും.
കൂടുതൽ കുട്ടികൾ ദാരിദ്ര്യത്തിലേക്കു നീങ്ങിയെന്നതു മാത്രമല്ല, ദാരിദ്ര്യം നേരിടുന്ന കുട്ടികൾ കൂടുതൽ ദാരിദ്ര്യത്തിലേക്കു പോവുകയാണെന്നതാണ് വലിയ വെല്ലുവിളിയെന്ന് യുനിസെഫ് എക്സിക്യുട്ടീവ് ഡയറക്ടർ ഹെൻറീറ്റ ഫോർ പറയുന്നു.