ട്രംപിനു ചൈനയിൽ ബാങ്ക് അക്കൗണ്ട്
Wednesday, October 21, 2020 10:42 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അവിടെ വർഷങ്ങൾ ബിസിനസ് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ റിപ്പോർട്ട്. നവംബറാദ്യം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് കടുത്ത ചൈനാവിരോധം പ്രചാരണ ആയുധമാക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട്.
ട്രംപിന്റെ നികുതിരേഖകൾ പരിശോധിച്ചാണ് അക്കൗണ്ടിന്റെ കാര്യം കണ്ടെത്തിയത്. ട്രംപിന്റെ കീഴിലുള്ള ട്രംപ് ഇന്റർനാഷണൽ ഹോട്ടൽസ് മാനേജ്മെന്റ് എന്ന സ്ഥാപനമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. 2013-15 കാലയളവിൽ അക്കൗണ്ടിൽനിന്ന് 1,88,561 ഡോളർ ചൈനയിൽ നികുതി അടച്ചിട്ടുണ്ട്. ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റ 2016ലും അതിനടുത്ത വർഷവും യുഎസിൽ 750 ഡോളർവച്ചു മാത്രമാണു നികുതി അടച്ചിരുന്നതെന്ന റിപ്പോർട്ട് പത്രം നേരത്തെ പുറത്തുവിട്ടിരുന്നു.
റിപ്പോർട്ട് ഊഹാപോഹം മാത്രമാണെന്നു ട്രംപ് ഓർഗനൈസേഷന്റെ അഭിഭാഷകൻ അലൻ ഗാർട്ടെൻ പ്രതികരിച്ചു. ഏഷ്യയിലെ ഹോട്ടൽ ഇടപാടുകൾക്കായിട്ടാണു യുഎസിൽ ഓഫീസുള്ള ചൈനീസ് ബാങ്കിൽ അക്കൗണ്ട് തുറന്നത്. നികുതി അടയ്ക്കാൻ വേണ്ടിമാത്രമാണ് അക്കൗണ്ട് ഉപയോഗിച്ചത്. ബിസിനസ് ഇടപാടുകളോ, മറ്റു പണമിടപാടുകളോ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിലെ എതിരാളി ജോ ബൈഡൻ ചൈനയോട് മൃദുസമീപനം പുലർത്തുന്നയാളാണെന്നാണു ട്രംപ് ആരോപിക്കുന്നത്. ചൈനയിൽനിന്നു ഫാക്ടറികൾ മാറ്റാൻ താത്പര്യമുള്ളവർക്ക് നികുതിയിളവ് നല്‍കുമെന്ന വാഗ്ദാനവും ചൈനയ്ക്ക് പുറംകരാർ ജോലികൾ നല്‍കുന്നവർക്കു യുഎസിലെ സർക്കാർ കരാറുകൾ നല്‍കില്ലെന്ന ഭീഷണിയും ട്രംപ് മുന്‍പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്.