അധികാരകൈമാറ്റത്തോടു ട്രംപ് സഹകരിച്ചില്ലെങ്കിൽ കോവിഡ് മൂലം കൂടുതൽ അമേരിക്കക്കാർ മരണപ്പെട്ടേക്കാം: ബൈഡൻ
Tuesday, November 17, 2020 11:42 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരകൈമാറ്റത്തോട് സഹകരിച്ചില്ലെങ്കിൽ കൂടുതൽ അമേരിക്കക്കാർ കോവിഡ്-19 മൂലം മരണപ്പെട്ടേക്കാമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ.
അധികാരകൈമാറ്റ നടപടികൾ ആരംഭിച്ചിട്ടില്ലെന്നും കോവിഡ് രൂക്ഷമാവുകയാണെന്നും ബൈഡൻ ഡെലാവറിൽ തിങ്കളാഴ്ച പറഞ്ഞു. അധികാരകൈമാറ്റത്തിനുള്ള യുഎസ് ഗവൺമെന്റ് ഏജൻസി ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ ബൈഡനെയും കമലഹാരിസിനെയും വിജയികളായി അംഗീകരിച്ചിട്ടില്ല. ട്രംപ് നാമനിർദേശം ചെയ്ത വ്യക്തിയാണു സമിതി അധ്യക്ഷൻ.
ജനങ്ങൾക്കു വാക്സിൻ നൽകുകയെന്നതാണു പ്രധാനം. 30 കോടി അമേരിക്കക്കാർക്ക് എങ്ങനെ വാക്സിൻ നൽകും? ഇതിനായി വളരെക്കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതിനായി ലോകാരോഗ്യ സംഘടനയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും സഹകരണം ആവശ്യമാണ്- ബൈഡൻ പറഞ്ഞു.
അമേരിക്കയിൽ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നിലയിലാണ്. ഇതുവരെ രണ്ടരക്ഷം പേർ മരിച്ചു. ശൈത്യം അടുത്തതോടെ രാജ്യം അതികഠിനമായ സന്ധിയിലൂടെയാണു കടന്നു പോകുന്നതെന്ന് സാംക്രമിക രോഗവിദഗ്ധൻ ഡോ.ആന്റണി ഫൗചി പറഞ്ഞു.
യുഎസ് മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് നവംബർ മൂന്നിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ 306 ഇലക്ടറൽ കോളജുകളിൽ വിജയിച്ചു. 270 ആണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. എന്നാൽ, വോട്ടിംഗ് തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആക്ഷേപിക്കുന്ന ട്രംപ്, താൻ തന്നെയാണു വിജയിച്ചതെന്നും പറയുന്നു. തെരഞ്ഞെടുപ്പു ഫലത്തെ ചോദ്യംചെയ്തു വിവിധ സംസ്ഥാനങ്ങളിലെ കോടതികളെ ട്രംപ് അനുകൂലികൾ സമീപിച്ചിട്ടുണ്ട്.