ചൈനയിൽ വാക്സിനെടുത്തവർ 100 കോടി പിന്നിട്ടു
Monday, June 21, 2021 12:26 AM IST
ബെയ്ജിംഗ്: ചൈനയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം നൂറു കോടി പിന്നിട്ടു. ലോകത്ത് ഈ നേട്ടം കൈവരിച്ച ആദ്യ രാജ്യമാണ് ചൈന. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയുടെ വാക്സിനേഷൻ പദ്ധതി ഊർജിതമാക്കിയിരുന്നു. അഞ്ചു ദിവസംകൊണ്ടാണ് അവസാന 10 കോടി പേർക്ക് വാക്സിൻ നല്കിയതെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ(എൻഎച്ച്സി) അറിയിച്ചു. അതേസമയം, രണ്ടു ഡോസും സ്വീകരിച്ചവരുടെ എണ്ണം എത്രയെന്ന് എൻഎച്ച്സി വ്യക്തമാക്കിയില്ല.
10 കോടി വാക്സിനേഷനിൽനിന്ന് 20 കോടിയിലെത്താൻ 25 ദിവസമാണ് എടുത്തത്. 20 കോടിയിൽനിന്ന് 30 കോടിയിലെത്താൻ 16 ദിവസമേ വേണ്ടിവന്നുള്ളൂ. ആറു ദിവസംകൊണ്ടാണണ് 80 കോടിയിൽനിന്ന് 90 കോടിയിലെത്തിയത്. ചൈനയിലുള്ള രണ്ടു ലക്ഷത്തിലധികം വിദേശികൾക്ക് വാക്സിൻ നല്കി. ഈ വർഷം അവസാനത്തോടെ ജനസംഖ്യയുടെ എഴുപതു ശതമാനത്തിനു കോവിഡ് വാക്സിൻ ലഭ്യമാക്കാനാണു ചൈന ലക്ഷ്യമിടുന്നത്.