ജർമനിയിൽ കെമിക്കൽ പ്ലാന്റിൽ സ്ഫോടനം
Wednesday, July 28, 2021 12:33 AM IST
ബെർലിൻ: ജർമനിയിൽ കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു നാലുപേരെ കാണാതായി. ലെവെർകൂസെൻ നഗരത്തിലുണ്ടായ അപകടത്തിൽ 16 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചെന്പാർക്ക് കന്പനിയുടെ ലെവെർകൂസെൻ ഇൻഡസ്ട്രിയൽ പാർക്കിലെ ഫാക്ടറിയുടെ സോൾവെന്റ് സംഭരണ ടാങ്കാണു രാവിലെ 9.40 ഓടെ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലേക്കു വൻതോതിൽ കറുത്ത പുക വമിച്ചു.
സ്ഫോടനത്തെത്തുടർന്ന് പ്രദേശവാസികളോടു വീടുകളിൽത്തന്നെ കഴിയാനും വെന്റിലേഷൻ സംവിധാനം ഓഫ് ചെയ്ത് ജനലുകളും വാതിലുകളും അടയ്ക്കാനും ദുരന്തനിവാരണ അഥോറിറ്റി നിർദേശം നൽകി. സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലേക്കു കറുത്ത പുക ഉയർന്നെങ്കിലും അന്തരീക്ഷ മലനീകരണത്തോത് ഉയർന്നിട്ടില്ലെന്നും അഗ്നിശമന വകുപ്പ് ട്വീറ്റ് ചെയ്തു. സ്ഫോടനം നടന്ന് നാലു മണിക്കൂറിനു ശേഷം ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമായെന്ന് അഗ്നിശമന സേന അറിയിച്ചു. കന്പനിയുടെ മാലിന്യനിർമാർജന പ്ലാന്റിലാണ് സ്ഫോടനം നടന്നതെന്നു കെമിക്കൽ പാർക്ക് നടത്തിപ്പു കന്പനിയായ ക്യൂറന്റ പറഞ്ഞു.