എണ്ണക്കപ്പലിനുനേരേ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു
Saturday, July 31, 2021 12:55 AM IST
ദുബായ്: അറബിക്കടലിൽ ഒമാൻ തീരത്തിനു സമീപം ഇസ്രേലി വ്യവസായിയുടെ എണ്ണക്കപ്പലിനു നേരേ ആക്രമണം. കപ്പലിലെ രണ്ടു ജീവനക്കാർ മരിച്ചതായി സോഡിയാക് മാരിടൈം ലിമിറ്റഡ് അറിയിച്ചു. യുകെ, റൊമേനിയ സ്വദേശികളായ ജീവനക്കാരാണു മരിച്ചത്. ലൈബീരിയൻ പതാകയുള്ള മെർസർ സ്ട്രീറ്റ് എന്ന എണ്ണക്കപ്പലിനു നേരേ ഒമാൻ ദ്വീപായ മാസിറയ്ക്കു സമീപം വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഒമാൻ തലസ്ഥാനമായ മസ്കറ്റിൽനിന്ന് 300 കിലോമീറ്റർ തെക്കുകിഴക്കാണു സംഭവം.
ഇസ്രേലി ശതകോടീശ്വരൻ യേൽ ഓഫേറിന്റെ സോഡിയാക് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമാണ് ലണ്ടൻ ആസ്ഥാനമായ പ്രവർത്തിക്കുന്ന സോഡിയാക് മാരിടൈം ലിമിറ്റഡ്. കപ്പൽ ജപ്പാൻ ഉടമസ്ഥതയിലുള്ളതാണെന്നു സോഡിയാക് മാരിടൈം അറിയിച്ചു. എന്നാൽ, കപ്പലിനു നേരേ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേൽ-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണു സംഭവം. ഇസ്രേലി കപ്പലുകൾക്കു നേരേ അടുത്തിടെ ഇറാന്റെ നേതൃത്വത്തിൽ ആക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ നിഴൽയുദ്ധം നടക്കുന്നുണ്ട്. ഇറാന്റെ ആണവ സന്പുഷ്ടീകരണവുമായി ബന്ധപ്പെട്ടാണു സംഘർഷം.കപ്പലിനുനേരയുണ്ടായ അക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ബ്രിട്ടീഷ് മിലിട്ടറി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻ അറിയിച്ചു. കടൽക്കൊള്ളയല്ല ആക്രമണത്തിന്റെ ലക്ഷ്യമെന്നു ബ്രിട്ടീഷ് മിലിട്ടറി അറിയിച്ചു.
എന്നാൽ, ലൈബീരിയൻ പതാകയുള്ള ജപ്പാൻ ഉടമസ്ഥതയിലുള്ള മെർസർ സ്ട്രീറ്റ് എണ്ണക്കപ്പലിനു നേരേയാണ് ആക്രമണമുണ്ടായതെന്നു സോഡിയാക് ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം കപ്പലിന്റെ ഉടമസ്ഥതയിൽ തെറ്റിദ്ധരിച്ചെന്നും കൊള്ളക്കാരാണ് ആക്രമണം നടത്തിയതെന്നും സോഡിയാക് ഗ്രൂപ്പ് പറഞ്ഞു.
ഇസ്രേലി എണ്ണക്കപ്പലിനു നേരേ ആക്രമണമുണ്ടായെന്നാണു ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം ആദ്യം പുറത്തുവിട്ട വാർത്ത.ദാർ ഇ സലാമിൽനിന്ന് ഫുജൈറയിലേക്ക് പോവുകയായിരുന്ന കപ്പൽ ആക്രമണമുണ്ടായപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലായിരുന്നെന്നും കപ്പലിൽ ചരക്ക് ഇല്ലായിരുന്നുവെന്നും കന്പനി അറിയിച്ചു. ആക്രമണത്തെ സംബന്ധിച്ച് പ്രതികരിക്കാൻ ഒമാനോ യുഎസ് നേവിയോ തയാറായിട്ടില്ല. യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പട പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്.