ടെലഗ്രാമും നവൽനിയുടെ ‘സ്മാർട്ട് ആപ്’നീക്കി
Saturday, September 18, 2021 11:03 PM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിമർശകൻ അലക്സി നവൽനിയുടെ അനുകൂലികൾ രൂപം നൽകിയ ‘സ്മാർട്ട് ആപ്’ ബോട്ട് ടെലഗ്രാം മെസഞ്ചർ ആപ്ലിക്കേഷനിൽനിന്നു നീക്കി.
ടെലഗ്രാമിന്റെ റഷ്യക്കാരനായ സ്ഥാപകൻ പാവെൽ ദുരോവ് ഇക്കാര്യം സ്ഥിരീകരിച്ചു. ആപ്പിൾ, ഗൂഗിൾ എന്നീ കന്പനികളും കഴിഞ്ഞ ദിവസം സ്മാർട്ട് ആപ്പിനെ നീക്കിയിരുന്നു.
റഷ്യയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് നടപടി. പുടിനെ പിന്തുണയ്ക്കുന്ന സ്ഥാനാർഥികളെ തോൽപ്പിക്കാൻ കഴിയുന്നവരെ കണ്ടെത്തി വോട്ടർമാരെ അറിയിക്കാനാണു ആപ്പിന് രൂപം നൽകിയത്.
ജനുവരിയിൽ അറസ്റ്റിലായ നവൽനി ഇപ്പോൾ ജയിലിലാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കിയതോടെ 450 സീറ്റുള്ള പാർലമെന്റിന്റെ അധോസഭയായ ഡ്യൂമയിൽ പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടി വൻ വിജയം നേടുമെന്നാണ് കരുതപ്പെടുന്നത്.