ത്രിരാഷ്ട്ര പ്രതിരോധ സഖ്യം: ഇന്ത്യയെയും ജപ്പാനെയും ഉൾപ്പെടുത്തില്ലെന്ന് അമേരിക്ക
Friday, September 24, 2021 12:23 AM IST
വാഷിംഗ്ടൺ: ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് വെല്ലുവിളിയെ മറികടക്കുന്നതിനായി യുഎസും ഓസ്ട്രേലിയയും ബ്രിട്ടനും ഉൾപ്പെടെ സഖ്യത്തിലേക്ക് ഇന്ത്യയെയും ജപ്പാനെയും ഉൾപ്പെടുത്തില്ലെന്ന് അമേരിക്ക.
മൂന്ന് രാജ്യങ്ങളെയും ഉൾപ്പെടുത്തി കഴിഞ്ഞ 15 നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കരാറിൽ ഒപ്പുവച്ചത്. ഓസ്ട്രേലിയയ്ക്ക് ആണവമുങ്ങിക്കപ്പൽ ലഭ്യമാകുന്നതുൾപ്പെടെ നടപടികൾക്കും ഇതോടെ വഴിതുറന്നു.
മേഖലയിലെ സുരക്ഷയ്ക്കു ഫ്രാൻസ് ഉൾപ്പെടെ ആരുടെയും പങ്കാളിത്തം വേണ്ട എന്ന വ്യക്തമായ സൂചനയാണു കരാറിലൂടെ പ്രസിഡന്റ് ജോ ബൈഡൻ നൽകിയിരിക്കുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ പസാകി പ്രതിദിന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയും യുഎസും ജപ്പാനും ഓസ്ട്രേലിയയും ഉൾപ്പെടെ ക്വാഡ് രാജ്യങ്ങളുടെ സമ്മേളനത്തിനായി നേതാക്കൾ വാഷിംഗ്ടണിൽ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെയും ജപ്പാനെയും സഖ്യത്തിൽ ഉൾപ്പെടുത്തുമോയെന്ന ചോദ്യം ഉയർന്നത്.