ബ്രിട്ടൻ ഹമാസിനെ നിരോധിക്കും
Saturday, November 20, 2021 12:24 AM IST
ലണ്ടൻ: പലസ്തീന്റെ ഭാഗമായ ഗാസാ ഭരിക്കുന്ന ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നു. ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി പ്രീതി പട്ടേൽ ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ നടത്തിയേക്കും. തുടർന്ന് പാർലമെന്റിന്റെ അംഗീകാരം തേടും. ഹമാസിന് പിന്തുണ പ്രഖ്യാപിക്കുന്നതും അവരുടെ കൊടി പറത്തുന്നതും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതും തീവ്രവാദ കുറ്റങ്ങളായി മാറും.
ഹമാസിന്റെ മിലിട്ടറി വിഭാഗമായ ഇസ് അൽദി അൽ ഖ്വാസം ബ്രിഗേഡിനു മാത്രമാണ് ബ്രിട്ടൻ ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെയാകും പുതിയ നിരോധനം ബാധിക്കുക. അമേരിക്കയും യൂറോപ്യൻ യൂണിയനും നേരത്തേ ഹമാസിനെ പൂർണമായി നിരോധിച്ചിട്ടുള്ളതാണ്.
മുസ്ലിം ബ്രദർഹുഡിന്റെ തീവ്രആശയങ്ങളുമായി 1987ൽ രൂപംകൊണ്ട ഹമാസാണ് 2007 മുതൽ ഗാസാ ഭരിക്കുന്നത്. ഇസ്രയേലിനെ അടിമുടി എതിർക്കുന്നു. പലസ്തീൻ പ്രദേശങ്ങൾ കൈയേറുന്ന ഇസ്രയേലുമായി സമധാനചർച്ചയ്ക്കു പകരം ആയുധമെടുത്തു പ്രതികരിക്കണമെന്നാണ് നിലപാട്.