നരകവാതിൽ അടയ്ക്കുമെന്ന് തുർക്ക്മെനിസ്ഥാൻ
Tuesday, January 11, 2022 1:25 AM IST
ദർവാസ: പതിറ്റാണ്ടുകളായി കത്തിയെരിയുന്ന തുർക്ക്മെനിസ്ഥാനിലെ നരകവാതിൽ (ദർവാസ ഗ്യാസ് ക്രേറ്റർ) അണയ്ക്കും. പ്രസിഡന്റായ ഗുർബാംഗുലി ബെർദിമുഖമെദോവാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പ്രകൃതിയെയും പരിസരത്തുണ്ടാകുന്ന നാശങ്ങളെയും കണക്കിലെടുത്താണു പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ദർവാസ ഗ്യാസ് ക്രേറ്റർ അണയ്ക്കാൻ സർക്കാർ തീരുമാനിച്ചതെന്നു പ്രസിഡന്റ് പറഞ്ഞു. പതിറ്റാണ്ടുകളായി അണയാതെ കത്തുന്ന ആഴി ചുറ്റുവട്ടത്തു ജീവിക്കുന്ന ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും പ്രകൃതിവാതക കയറ്റുമതി വർധിപ്പിക്കാൻ സർക്കാരിനു പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുർക്ക്മെനിസ്ഥാൻ തലസ്ഥാനമായ അഷ്ഗാബാറ്റിന് 260 കിലോമീറ്റർ വടക്കായി കാരക്കും മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ദർവാസ ഗ്യാസ് ക്രേറ്ററിനെ ചുറ്റിപ്പറ്റി ഏറെ ദുരൂഹകഥകളുണ്ട്. 60 മീറ്റർ വീതിയും 20 മീറ്റർ താഴ്ചയും ഈ കുഴിക്കുണ്ട്. 1971ൽ സോവിയറ്റ് ജിയോളജിസ്റ്റുമാരുടെ ഒരു സംഘമാണ് ഈ ഗ്യാസ് ക്രേറ്റർ കണ്ടെത്തിയത്. പ്രകൃതിവാതകം വ്യാപിച്ച് അന്തരീക്ഷത്തിൽ നിറയുന്നതു തടയാൻ ഇവർ കുഴിക്കു തീയിട്ടു. എന്നാൽ അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും തീയണയ്ക്കാൻ കഴിഞ്ഞില്ല.