യുക്രെയ്നു ബ്രിട്ടന്റെ സൈനിക സഹായം
Tuesday, January 18, 2022 11:56 PM IST
ലണ്ടൻ: റഷ്യയുടെ ആക്രമണഭീഷണി നേരിടുന്ന യുക്രെയ്നു ബ്രിട്ടന്റെ സൈനികസഹായം. ഹ്രസ്വദൂര ടാങ്ക്വേധ മിസൈലുകൾ യുക്രെയ്നിലേക്ക് അയച്ചതായി ബ്രിട്ടീഷ് പ്രതിരോധവകുപ്പ് മന്ത്രി ബെൻ വാളസ് പാർലമെന്റിനെ അറിയിച്ചു. സൈനികരുടെ ചെറുസംഘത്തെയും ഉടൻ അയയ്ക്കും. റഷ്യൻ ഭീഷണി തള്ളിക്കളയാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം പട്ടാളക്കാരെ റഷ്യ യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചതായാണു റിപ്പോർട്ട്. എന്നാൽ ആക്രമണോദ്ദേശ്യമില്ലെന്നാണു റഷ്യ പറയുന്നത്.
2014ൽ റഷ്യ യുക്രെയ്ന്റെ ഭാഗമായ ക്രിമിയ പിടിച്ചെടുത്തശേഷം യുക്രെയ്ൻ സൈനികർക്കു ബ്രിട്ടീഷ് സേന പരിശീലനം നല്കുന്നുണ്ട്. ഇതിനു പുറമേയാണ് ഇപ്പോഴത്തെ സഹായം.
ബ്രിട്ടന്റെ തീരുമാനത്തെ യുക്രെയ്ൻ സ്വാഗതം ചെയ്തു. യുക്രെയ്നെ ഉടൻ നാറ്റോ സൈനിക സഖ്യത്തിൽ അംഗമാക്കണമെന്നും അവരുടെ അംബാസഡർ വാഡിം പ്രൈസ്റ്റൈക്കോ പറഞ്ഞു.