ടോംഗാ: കേബിൾ നന്നാക്കാൻ നാലാഴ്ച വേണ്ടിവരും
Thursday, January 20, 2022 12:22 AM IST
വെല്ലിംഗ്ടൺ: ടോംഗാ രാജ്യത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന, സമുദ്രാന്തര ടെലികോം- ഇന്റർനെറ്റ് കേബിൾ നന്നാക്കാൻ നാലാഴ്ച എടുക്കുമെന്നു ന്യൂസിലൻഡ്.
പസഫിക് സമുദ്രത്തിനടിയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നാണു കേബിൾ നശിച്ചത്. അഗ്നിപർവത സ്ഫോടനത്തിലും തുടർന്നുള്ള സുനാമിയിലും ടോംഗായിലുണ്ടായ നാശം വിലയിരുത്താൻ ഇതുമൂലം കഴിഞ്ഞിരുന്നില്ല.
താത്കാലികമായി 2ജി കണക്ഷൻ ഏർപ്പെടുത്താനുള്ള ശ്രമം ഊർജിതമാണ്. ടോംഗായ്ക്കു ഭക്ഷണവും കുടിവെള്ളവും അടക്കമുള്ള സഹായങ്ങൾ ലഭ്യമാക്കാനുള്ള നീക്കവും നടക്കുന്നു. അഗ്നിപർവതത്തിൽനിന്നുള്ള ചാരത്തിൽ കുളിച്ചുകിടക്കുന്ന രാജ്യത്ത് വിമാനം ഇറക്കുക അപ്രായോഗികമായിരുന്നു.
ശനിയാഴ്ചത്തെ ദുരന്തത്തിൽ ഒരു ബ്രിട്ടീഷ് പൗരൻ അടക്കം മൂന്നു പേരാണു മരിച്ചത്.