യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ വീണ്ടും വെട്ടിക്കുറച്ചു
Saturday, June 18, 2022 12:31 AM IST
പ്രേഗ്: യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ വീണ്ടും വെട്ടിക്കുറച്ചു. ഇറ്റലിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള വിതരണം പകുതിയാക്കിയതിനൊപ്പം ഫ്രാൻസിനുള്ള ഇന്ധനനീക്കം പൂർണമായും നിർത്തിവയ്ക്കുകയും ചെയ്തു.
യൂറോപ്പിലെ വ്യവസായങ്ങൾക്കും വൈദ്യുതി ഉപയോഗത്തിനും നിർണായകമാണു റഷ്യയിൽനിന്നുള്ള പ്രകൃതിവാതകം. റഷ്യയുടെ നിയന്ത്രണത്തെത്തുടർന്ന് ജർമനിയും ഓസ്ട്രിയയിലും ഇപ്പോൾത്തന്നെ ഊർ്ജ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ഇന്ധനവിലയിലെ വർധന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പണപ്പെരുപ്പത്തിനും വഴിതുറന്നിരിക്കുയാണ്. സാങ്കേതിക തകരാറാണു ജർമനിയിലേക്കും ഫ്രാൻസിലേക്കുള്ള ഇന്ധനനീക്കത്തിനു തടസമെന്നു റഷ്യ വിശദീകരിച്ചു. പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടർന്ന് കാനഡയിൽ യന്ത്രസാമഗ്രികൾ അറ്റകുറ്റപ്പണി ചെയ്യാനാകില്ലെന്നും അവർ പറഞ്ഞു.
രാഷ്ട്രീയനീക്കമാണു റഷ്യയുടേതെന്നു ജർമനിയും ഇറ്റലിയും പ്രതികരിച്ചു. പോളണ്ട്, ബൾഗേറിയ, ഫിൻലൻഡ്, നെതർലൻഡ്സ്, ഡെന്മാർക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നേരത്തേ നിർത്തിവച്ചിരുന്നു.
യൂറോപ്യൻ രാജ്യങ്ങളെയും യൂറോപ്പിനെയും ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണു റഷ്യയുടേതെന്നു യുക്രെയ്ൻ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.