സമരകേന്ദ്രം ഒഴിയണമെന്ന ആവശ്യം തള്ളി ലങ്കൻ പ്രക്ഷോഭകർ
Thursday, August 4, 2022 11:45 PM IST
കൊളംബോ: പ്രസിഡന്റിന്റെ ഓഫീസിനു സമീപമുള്ള സമരകേന്ദ്രം വെള്ളിയാഴ്ചയ്ക്കകം ഒഴിയണമെന്ന പോലീസിന്റെ നിർദേശം തള്ളി ശ്രീലങ്കയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ.
രാജപക്സെയുടെ നേതൃത്വത്തിലുള്ള മുൻസർക്കാരിനെതിരേയുള്ള പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായ ഗാലേ ഫേസിൽ നിന്ന് ഒഴിവാക്കാൻ കോടതി നിർദേശിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ വാദം.
പ്രസിഡന്റിന്റെ ഓഫീസിനു സമീപം നിർമിച്ചിരിക്കുന്ന അനധികൃത ടെന്റുകളും മറ്റും വെള്ളിയാഴ്ചയ്ക്കു മുന്പ് നീക്കംചെയ്യണെന്ന് ശ്രീലങ്കൻ പോലീസ് ബുധനാഴ്ചയാണു നിർദേശിച്ചത്. ഗോത്താബയ രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ ഒന്പതിനാണ് ശ്രീലങ്കയിൽ പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിൽ ജനകീയസമരം ആരംഭിച്ചത്.
ജൂലൈ 14 ന് ഗോത്താബയ രാജപക്സെ രാജ്യംവിട്ടു. തുടർന്ന് റനിൽ വിക്രമസിംഗെ സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചത് രാജ്യവ്യാപക തലത്തിൽ പ്രതിഷേധം ഉയർത്തിയിരുന്നു.