റഷ്യൻ വ്യോമതാവളം യുക്രെയ്ൻ ആക്രമിച്ചു
Wednesday, August 10, 2022 12:10 AM IST
കീവ്: ക്രിമിയയിലെ റഷ്യൻ വ്യോമതാവളത്തിനുനേരേ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചുപേർക്കു പരിക്കേറ്റു. യുക്രെയ്ന്റെ ദീർഘദൂര മിസൈലുകൾ വ്യോമതാവളത്തിൽ പതിച്ചതാണെന്ന് യുക്രെയ്ൻ അനുകൂല സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചു. യുക്രെയ്ൻ അധികൃതർ പ്രതികരിച്ചിട്ടില്ല.
വ്യോമതാവളത്തിലെ ആയുധസംഭരണത്തിനു തീപിടിച്ചതാണെന്ന് റഷ്യ അവകാശപ്പെടുന്നു. പ്രധാനകെട്ടിടം സുരക്ഷിതമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആകാശംമുട്ടെ പുകയും സ്ഫോടനശബ്ദവും ഉയരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടൽത്തീരത്ത് വെയിൽകായാനെത്തിയവർ സമീപത്തെ ബീച്ചിലേക്ക് ഓടിരക്ഷപെടുന്നതും ദൃശ്യങ്ങളിൽ കാണാം.
ക്രിമിയൻ മേഖലയിലെ റഷ്യയുടെ സൈനികകേന്ദ്രത്തിനുനേരെ യുക്രെയ്ൻ നടത്തിയ ആദ്യത്തെ ശക്തമായ ആക്രമണമാണിതെന്ന് സൂചനകളുണ്ട്. 2014 ലാണ് ക്രിമിയയെ റഷ്യ ഒപ്പംചേർക്കുന്നത്. ക്രിമിയൻ തുറമുഖമായ സെവാസ്തോപോളിലുള്ള റഷ്യയുടെ കരിങ്കടൽ നാവികവ്യൂഹത്തിന്റെ ആസ്ഥാനം കഴിഞ്ഞമാസം യുക്രെയ്നിലെ വിധ്വംസകസംഘം ആക്രമിച്ചിരുന്നു.
വ്യോമതാവളത്തിലേക്ക് ആംബുലൻസുകളും മെഡിക്കൽ ഹെലികോപ്റ്ററുകളും അയച്ചതായി ക്രിമിയൻ തലവൻ സെർജി അക്സിയാനോവ് അറിയിച്ചു. പ്രദേശം സീൽചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയെ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തിനും കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ നേരത്തെ യുക്രെയ്നു മുന്നറിയിപ്പ് നൽകിയിരുന്നു.