ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കയിൽ
Wednesday, August 17, 2022 12:28 AM IST
കൊളംബോ: ഇന്ത്യയുടെ അതിശക്തമായ എതിർപ്പ് തുടരുന്നതിനിടെ ചൈനീസ് ചാരക്കപ്പൽ യുവാങ് വാങ് 5 ശ്രീലങ്കയിലെ ഹന്പൻടോട്ട തുറമുഖത്ത് എത്തി.
ഇന്നലെ രാവിലെ ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ചി ഷെങ്ഹോംഗ് ഉൾപ്പെടെയുള്ളവർ കപ്പലിനെ സ്വീകരിച്ചു. 22 വരെ കപ്പലിനു തുടരാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ തുറമുഖമന്ത്രി നിർമൽ പി. സിൽവ പറഞ്ഞു.
കഴിഞ്ഞ 11 ന് കപ്പൽ തുറമുഖത്ത് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യ ആശങ്ക ഉയർത്തിയതോടെ കപ്പലിന്റെ യാത്ര വൈകിക്കാൻ ശ്രീലങ്ക അഭ്യർഥിച്ചിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹസിഗ്നലുകളുടെ നിരീക്ഷണത്തിനാണ് കപ്പൽ എത്തിയതെന്ന് ഇന്ത്യ സംശയിക്കുന്നു. 750 കിലോമീറ്റർ ആകാശ പരിധിയിലെ സന്ദേശങ്ങൾ പിടിച്ചെടുക്കാൻ കപ്പലിനു കഴിയുമെന്നാണ് സംശയം. കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങിയ സ്ഥാപനങ്ങളുടെ സുരക്ഷയിലും ആശങ്കയുണ്ട്.
എന്നാൽ കപ്പലിന്റെ സാന്നിധ്യം ഒരു രാജ്യത്തിന്റെയും സുരക്ഷയെ ബാധിക്കില്ലെന്ന് ചൈന ന്യായീകരിക്കുന്നു. ശ്രീലങ്കയുടെ സജീവ സഹകരണത്തോടെയാണ് കപ്പൽ തുറമുഖത്ത് എത്തിയതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു.