ഇന്റർനെറ്റ് കാമുകനെ നേരിൽ കാണാനെത്തിയ അന്പത്തൊന്നുകാരിയെ അവയവങ്ങൾക്കായി കൊലപ്പെടുത്തി
Friday, November 25, 2022 10:54 PM IST
ലിമ: ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാൻ അയ്യായിരം കിലോമീറ്റർ അകലെനിന്നു വിമാനത്തിലെത്തിയ അന്പത്തൊന്നുകാരിയെ അവയവങ്ങൾക്കായി കൊലപ്പെടുത്തി. മെക്സിക്കോ സ്വദേശിനി ബ്ലാങ്ക അരെല്ലാനോ ആണ് പെറുവിൽ കൊല്ലപ്പെട്ടത്.
ഇന്റർനെറ്റിൽ മാസങ്ങളോളം ബന്ധമുണ്ടായിരുന്ന മുപ്പത്തേഴുകാരൻ ഹുവാൻ പാബ്ലോ യെസൂസിനെ കാണാനായി ജൂലൈ അവസാനമാണ് ഇവർ പെറുവിന്റെ തലസ്ഥാനമായ ലിമയിലെത്തിയത്.
നവംബർ ഏഴിനുശേഷം കുടുംബാംഗങ്ങൾക്ക് ഇവരുമായി ബന്ധം നഷ്ടമായി. കുടുംബാംഗങ്ങളിലൊരാൾ സോഷ്യൽ മീഡിയയിൽ നടത്തിയ അഭ്യർഥനയെത്തുടർന്ന് ബ്ലാങ്കയെ കണ്ടെത്താൻ ലിമാ പോലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ ഒന്പതാം തീയതി ഇവരുടെ മുറിച്ചുമാറ്റപ്പെട്ട ശരീരഭാഗങ്ങൾ കടലിൽനിന്നു കണ്ടെത്തി. ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു.
സംഭവത്തിൽ ഹുവാൻ പാബ്ലോ യെസൂസിനെ 17ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ അവയവ മാഫിയയിൽ അംഗമാണെന്നു പോലീസ് അറിയിച്ചു.