കോവിഡ് ഉദ്ഭവം ചൈനീസ് ലാബിൽനിന്നാകാം: എഫ്ബിഐ
Thursday, March 2, 2023 12:55 AM IST
വാഷിംഗ്ടൺ ഡിസി: കോവിഡ് വൈറസിന്റെ ഉദ്ഭവം ചൈനയിലെ ലാബിൽനിന്നാകാനാണു കൂടുതൽ സാധ്യതയെന്ന് അമേരിക്കയിലെ ദേശീയ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മേധാവി ക്രിസ്റ്റഫർ റേ. എഫ്ബിഐ നടത്തിയ രഹസ്യാന്വേഷണത്തിലെ കണ്ടെത്തൽ പുറത്തുവിടുന്നത് ഇതാദ്യമാണ്.
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിൽ വുഹാനിൽ പ്രവർത്തിക്കുന്ന ലാബിൽനിന്നാകാം കോവിഡിന്റെ ഉദ്ഭവമെന്നു ഫോക് ന്യൂസിനു നല്കിയ അഭിമുഖത്തിൽ റേ പറഞ്ഞു. വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച അന്വേഷണം തടസപ്പെടുത്താൻ ചൈനീസ് സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വൈറസ് പുറത്തുചാടിയത് ലാബിൽനിന്നാണെന്ന കാര്യത്തിൽ പൊതുസമ്മതമില്ലെന്ന് വൈറ്റ്ഹൗസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തിൽ ഒട്ടെറേ ഗവേഷകരും ലാബ് സിദ്ധാന്തം അംഗീകരിക്കാൻ തയാറായിട്ടില്ല. വുഹാനിലെ മത്സ്യമാർക്കറ്റ് മുഖാന്തിരം മറ്റു ജീവികളിൽനിന്നാകാം വൈറസ് മനുഷ്യരിലെത്തിയതെന്നും പറയപ്പെടുന്നു.