ആനച്ചന്തം
Tuesday, March 14, 2023 1:40 AM IST
ഓസ്കർ പുരസ്കാരത്തെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ, ആന ഞങ്ങൾക്കു സ്വന്തം കുട്ടികളെപ്പോലെയാണ്. അമ്മയില്ലാത്ത കുട്ടിയെ പരിചരിക്കുന്നതുപോലെയാണു ഞങ്ങൾ അവരെ നോക്കുന്നത് - ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിൽ 95-മത് അക്കാഡമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചശേഷം പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോടു ബെല്ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ആരാണ് ബെല്ലി? മികച്ച ഹ്രസ്വ ഡോക്കുമെന്ററി വിഭാഗത്തിൽ ഓസ്കർ നേടിയ ദി ഇലഫന്റ് വിസ്പറേഴ്സിലെ പ്രധാന കഥാപാത്രം; രഘുവിന്റെയും അമുവിന്റെയും (കുട്ടിയാനകൾ) വളർത്തമ്മ. എന്താണ് ഇലഫന്റ് വിസ്പറേഴ്സ്? ഗോത്രവർഗക്കാരായ ബൊമ്മനും ബെല്ലിയും അവരുടെ ഒപ്പമുള്ള അനാഥരായ ആനക്കുട്ടികളുടെയും കഥ.
ആനക്കഥ
കാട്ടിൽ അനാഥരാകുന്ന, കൂട്ടംതെറ്റുന്ന ആനകളുടെ സംരക്ഷകരാണു ഗോത്രവർഗക്കാരായ ബൊമ്മനും ബെല്ലിയും. ഇവരും ഇവർ വളർത്തുന്ന ആനക്കുട്ടിയുമാണു ചിത്രത്തിലെ കഥാപാത്രങ്ങൾ.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ള മുതുമലൈ കടുവാ സംരക്ഷണകേന്ദ്രത്തിലുള്ള തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിലാണു കാർത്തികി ഗോണ്‍സാൽവസ് ഈ ഡോക്കുമെന്ററി ഒരുക്കിയിരിക്കുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം മനോഹരമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.
ഇപ്പോൾ ചെയ്യുന്നതു ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളതാണ്. ഞങ്ങളുടെ പൂർവികരും ഇതുതന്നെയാണു ചെയ്തിരുന്നതെന്ന് മുത്തശി പറഞ്ഞുകേട്ടിട്ടുണ്ട്- ബെല്ലി പറയുന്നു. പുരസ്കാരം പ്രഖ്യാപിക്കുന്പോൾ ഡോക്കുമെന്ററിയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ബൊമ്മൻ വീട്ടിലുണ്ടായിരുന്നില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ഒരാനയെ കൊണ്ടുവരുന്നതിനായി സേലത്തു പോയിരിക്കുകയാണ്. അവന്റെ വരവിനായുള്ള കാത്തിരിപ്പിലാണി ബെല്ലി.
രണ്ടാമൂഴം
മുപ്പത്തൊൻപതു മിനിറ്റാണ് കാർത്തികി ഗോണ്‍സാൽവസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഹാളൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ, ദി മാർത്ത മിച്ചൽ ഇഫക്ട്, സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ് തുടങ്ങിയ പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് എലിഫന്റ് വിസ്പറേഴ്സിന്റെ നേട്ടം. ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ അക്കാഡമി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നിർമിത ചിത്രമാണ് ദി ഇലഫന്റ് വിസ്പറേഴ്സ്.
"സ്മൈൽ പിങ്കി’, "പീരിഡ് എൻഡ് ഓഫ് സെന്റൻസ്’ എന്നീ ഇന്ത്യൻ ചിത്രങ്ങൾ മുന്‍പ് ഓസ്കർ നേടിയിരുന്നെങ്കിലും പിന്നിലുണ്ടായിരുന്നത് വിദേശനിർമാതാക്കളായിരുന്നു.
സിക്കിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഗയും അച്ചിൻ ജയ്നും ചേർന്നാണു ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് ഗുനീത് മോംഗയെ തേടി ഓസ്കർ പുരസ്കാരമെത്തുന്നത്. 2018 ഓസ്കറിൽ മോംഗ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന "പീരിഡ് എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്കുമെന്ററിക്കു മികച്ച ഡോക്കുമെന്ററി ഷോർട്ട് വിഭാഗത്തിൽ പുരസ്കാരം ലഭിച്ചിരുന്നു.