ക്രെഡിറ്റ് സ്വീസ്: വിലയെച്ചൊല്ലി തർക്കം
Monday, March 20, 2023 2:19 AM IST
ബേണ്‍: കുഴപ്പത്തിലായ സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്സർലൻഡിലെ തന്നെ വലിയ ബാങ്കായ യുബിഎസ് ഏറ്റെടുക്കുന്നതിന് അവസാന മിനിറ്റ് തടസങ്ങൾ. സ്വിസ് ഗവണ്മെന്റ് ഇടപെട്ട ചർച്ചകൾക്കൊടുവിൽ വിലയുടെ കാര്യത്തിൽ ധാരണയായില്ല.
വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ 796 കോടി ഡോളർ വിപണിമൂല്യം ഉണ്ടായിരുന്ന ക്രെഡിറ്റ് സ്വീസിന് 700 കോടി ഡോളർ വിലയിട്ടാണു കൈമാറ്റം. ഇതിൽ 100 കോടി ഡോളറിനുള്ള യുബിഎസ് ഓഹരികൾ നൽകും. ബാക്കി ഏറ്റെടുക്കൽ ചെലവുകൾക്കും വരാവുന്ന ചില നഷ്ടങ്ങൾക്കുമായി വകയിരുത്തും. ഇതാണ് യുബിഎസ് ഓഫർ. ഇതു സ്വീകാര്യമല്ലെന്നു ക്രെഡിറ്റ് സ്വീസിലെ വലിയ ഓഹരി ഉടമയായ സൗദി നാഷണൽ ബാങ്ക് പറഞ്ഞു.
ഇപ്പോൾ 1.86 സ്വിസ് ഫ്രാങ്ക് വിലയുളള ക്രെഡിറ്റ് സ്വീസ് ഓഹരിക്ക് 25 ഫ്രാങ്ക് കണക്കാക്കിയാണു യുബിഎസിന്റെ ഓഹരി നൽകുക. ഓഹരി ഉടമകളുടെ നിക്ഷേപം പ്രയോഗത്തിൽ നഷ്ടമാകും. കൂടുതൽ പണം കിട്ടാനുള്ള സൗദി സമ്മർദത്തിനു യുബിഎസ് വഴങ്ങുമോ എന്നറിയല്ല.
ഏറ്റെടുത്തില്ലെങ്കിൽ തിങ്കളാഴ്ച ബാങ്ക് തകരുകയും അത് ആഗോള ബാങ്കിംഗ് പ്രതിസന്ധിക്കു കാരണമാകുകയും ചെയ്യും എന്നതുകൊണ്ടാണു വാരാന്ത്യത്തിൽ തിരക്കിട്ട ചർച്ചകൾ നടത്തിയത്. ഞായർ രാത്രി കരാർ ഒപ്പിടുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിതിരുന്നു.
ഇടപാട് തീരുംമുന്‍പ് ക്രെഡിറ്റ് സ്വീസിന്റെ കടപ്പത്രങ്ങൾക്ക് പരിധിയിലധികം വിലയിടിഞ്ഞാൽ കച്ചവടം റദ്ദാകുമെന്നും യുബിഎസ് വ്യവസ്ഥ വച്ചു. ക്രെഡിറ്റ് സ്വീസിലെ 50,000ൽ പരം ജീവനക്കാരിൽ 10,000 പേർക്കു പണി പോകുമെന്നും സൂചനയുണ്ട്. മാസങ്ങൾ നീളുന്ന നടപടിക്രമങ്ങളിൽനിന്ന് ഒഴിവു നൽകിയാണ് സ്വിറ്റ്സർലൻഡിലെ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ബഹുരാഷ്ട്ര ബാങ്കുകളെ ഒന്നിപ്പിക്കാൻ ഗവണ്മെന്റ് ഉത്സാഹിച്ചത്.
2008ലെ ആഗോളമാന്ദ്യത്തിനുശേഷം ഇത്രവലിയ ഒരു ബാങ്കിനെ മറ്റൊന്നിൽ ലയിപ്പിക്കേണ്ടി വരുന്നത് ഇതാദ്യമാണ്. തകരാൻ പാടില്ലാത്തത്ര വലുപ്പമുള്ള 30 ആഗോള ബാങ്കുകളുടെ പട്ടികയിലുള്ളതാണ് രണ്ടും. ഏതാനും വർഷമായി പലവിധ ആരോപണങ്ങളിൽപ്പെട്ട് ദുർബലമായി വരികയായിരുന്നു ക്രെഡിറ്റ് സ്വീസ്.
മൂന്നു വർഷം കൊണ്ടു ബാങ്കിന്റെ വിപണിമൂല്യം നാലിലൊന്നായി കുറഞ്ഞു. ചില യൂണിറ്റുകൾ വിൽക്കുന്നതടക്കമുള്ള അഴിച്ചുപണിക്ക് ഒരുങ്ങുന്നതിനിടയിലാണു പുതിയ കുഴപ്പങ്ങൾ.