കുവൈറ്റ് ഇലക്ഷൻ നിരീക്ഷകനായി ജോർജ് കള്ളിവയലിൽ
Sunday, June 4, 2023 12:17 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ അസംബ്ലി (പാർലമെന്റ്) തെരഞ്ഞെടുപ്പിലെ അന്താരാഷ്ട്ര നിരീക്ഷകനായി ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ഇന്നു രാവിലെ കുവൈറ്റിലെത്തി.
ചൊവ്വാഴ്ച നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും റിപ്പോർട്ടു ചെയ്യുന്നതിനുമായി അന്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകർ കുവൈറ്റിൽ എത്തിയിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് ജോർജിനെ കൂടാതെ രാജ്യത്തെ ഏറ്റവും വലിയ ദിനപത്രമായ ദൈനിക് ജാഗണ് അസോസിയേറ്റ് എഡിറ്റർ സഞ്ജയ് മിശ്ര, അമേരിക്ക ആസ്ഥാനമായുള്ള സമൂഹമാധ്യമമായ പിക്സ്സ്റ്റോറിയുടെ സഹസ്ഥാപകനും എൻഡിടിവി മുൻ അസോസിയേറ്റ് എഡിറ്ററുമായ ജയന്ത് ജേക്കബ് എന്നിവരും നിരീക്ഷകരായെത്തിയിട്ടുണ്ട്. മലയാള മാധ്യമങ്ങളിൽ നിന്നുള്ള ഏക ക്ഷണിതാവാണ് ജോർജ് കള്ളിവയലിൽ.
കുവൈറ്റിലെ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ജോർജ് ഇന്ത്യയെ പ്രതിനിധീകരിച്ചു നിരീക്ഷകനായെത്തിയിരുന്നു. ഇറാക്കിന്റെ പുനരുദ്ധാരണത്തിനായി കുവൈറ്റിൽ നടന്ന യുഎൻ സെക്രട്ടറി ജനറൽ അടക്കം പങ്കെടുത്ത അന്താരാഷ്ട്ര ഉച്ചകോടിയിലും ജോർജ് പ്രത്യേക ക്ഷണിതാവായിരുന്നു.