അധിനിവേശ യുക്രെയ്നിൽ പുടിന്റെ പാർട്ടിക്കു ജയം
Tuesday, September 12, 2023 12:42 AM IST
മോസ്കോ: യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, സാപ്പോറിഷ്യ, ഖേർസൺ പ്രദേശങ്ങളിൽ റഷ്യ നടത്തിയ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിന്റ് പുടിന്റെ യുണൈറ്റഡ് റഷ്യാ പാർട്ടി ജയിച്ചതായി റിപ്പോർട്ട്.
റഷ്യൻ ഭരണകൂടം ഇറക്കുമതി ചെയ്ത സ്ഥാനാർഥികളാണു ഗവർണർപദവിയിലേക്കും മുനിസിപ്പാലിറ്റികളിലേക്കും മത്സരിച്ചത്.
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടന്ന തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും ഫലം അംഗീകരിക്കില്ലെന്നും പാശ്ചാത്യരും യുക്രെയ്നും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞവർഷം പേരിനു ഹിതപരിശോധന നടത്തി നാലു പ്രദേശങ്ങളും റഷ്യയോടു കൂട്ടിച്ചേർക്കുകയായിരുന്നു. നാലിടത്തും റഷ്യൻ സേനയ്ക്കു പൂർണ നിയന്ത്രണമില്ല. റഷ്യയിലെ മറ്റു പ്രവിശ്യകളിലും ഇതോടൊപ്പം പ്രാദേശിക തെരഞ്ഞെടുപ്പു നടന്നു. മത്സരം നടന്ന എല്ലാ പ്രവിശ്യകളിലും ഗവർണർസ്ഥാനത്ത് പുടിന്റെ പാർട്ടിയാണു ജയിച്ചത്.