അണക്കെട്ട് നിർമാണത്തിനെതിരേ പ്രതിഷേധം; ടിബറ്റിൽ ആയിരം പേർ അറസ്റ്റിൽ
Wednesday, February 28, 2024 2:13 AM IST
ലാസ: കിഴക്കൻ ടിബറ്റിലെ അണക്കെട്ട് നിർമാണത്തിനെതിരേ പ്രതിഷേധിക്കുന്നവരെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം വ്യാപകമായി അറസ്റ്റ് ചെയ്യുന്നു. ഈ മാസം 23 വരെയുള്ള കണക്കുവച്ച് ബുദ്ധസന്യാസിമാർ അടക്കം ആയിരത്തിലധികം പേർ അറസ്റ്റിലായെന്നാണ് റിപ്പോർട്ട്.
ചൈനീസ് സർക്കാർ ഡ്രിച്ചു നദിയിൽ നിർമിക്കുന്ന ഗാംഗ്തുവോ ജലവൈദ്യുത പദ്ധതിയാണ് ടിബറ്റൻ ജനതയെ പ്രതിഷേധത്തിലേക്കു തള്ളിവിട്ടിരിക്കുന്നത്. നൂറുകണക്കിനു വർഷങ്ങളായി നദീതീരത്തു വസിക്കുന്ന ജനതയെ ചിതറിക്കുന്ന പദ്ധതിയാണിതെന്നു പറയുന്നു.
ബുദ്ധവിഹാരങ്ങളും ഗ്രാമങ്ങളും നശിപ്പിച്ചാണ് അണക്കെട്ട് പണിയുന്നത്. 13-ാം നൂറ്റാണ്ടിലെ ചുവർചിത്രങ്ങളുള്ള വോണ്ടോ ബുദ്ധവിഹാരം പൊളിക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് അഞ്ച് ബുദ്ധവിഹാരങ്ങളും നശിപ്പിക്കപ്പെടുമെന്ന് പറയുന്നു. പദ്ധതി തടയാനായി ഈ മാസം 14നാണ് പ്രതിഷേധം ആരംഭിച്ചത്.