തെക്കൻ ഗാസയിലെ ഇസ്രേലി സേനയെ പിൻവലിച്ചു
Monday, April 8, 2024 2:48 AM IST
ടെൽ അവീവ്: ഖാൻ യൂനിസ് അടക്കമുള്ള തെക്കൻ ഗാസാ പ്രദേശങ്ങളിൽനിന്നു ഭൂരിഭാഗം സൈന്യത്തെയും പിൻവലിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. എന്നാൽ, യുദ്ധം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ ഓപ്പറേഷനുകൾ ഉണ്ടാകുമെന്നും പറഞ്ഞു. റാഫായിലെ സൈനിക നടപടി ഉദ്ദേശിച്ചാണ് ഇതെന്നു കരുതുന്നു. ഇസ്രേലി ആക്രമണങ്ങളിൽ അഭയാർഥികളായ ഭൂരിഭാഗം ഗാസക്കാരും അഭയം തേടിയിരിക്കുന്നത് ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന റാഫായിലാണ്.
തെക്കൻ ഗാസയിൽ ഒരു ബ്രിഗേഡ് ഒഴികെയുള്ള സൈനികരെ പിൻവലിച്ചുവെന്നാണു റിപ്പോർട്ട്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനുള്ള തയാറെടുപ്പിലാണു സൈന്യമെന്ന് ഇസ്രേലി പ്രതിരോധ വക്താവ് ലഫ്. കേണൽ പീറ്റർ ലേണർ ബിബിസിയോടു പറഞ്ഞു.
ഹമാസിനെ ഉന്മൂലനം ചെയ്തു ബന്ദികളെ മോചിപ്പിച്ചാലേ യുദ്ധം അവസാനിക്കൂ. ഖാൻ യൂനിസിലെ ദൗത്യം സേന പൂർത്തിയാക്കി. കൂടുതൽ ഓപ്പറേഷനുകൾ നടത്താനുണ്ട്. ഭീകരരുടെ ശക്തികേന്ദ്രമാണ് റാഫാ . ഹമാസിന്റെ ശേഷികൾ ഇല്ലാതാക്കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.